ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംഭവം. കുന്നത്തൂരെ രണ്ടു ബ്ലോക്ക് കമ്മിറ്റികളുടെയും സംയുക്തയോഗമാണ് നടന്നത്. യോഗത്തിന്റെ അവസാനഘട്ടത്തിലായിരുന്നു സംഭവം. തുടക്കത്തില്‍ വാക്കേറ്റം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് കസേര കൈയിലെടുത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിനായരും ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് കാഞ്ഞിരവിള അജയകുമാറും തമ്മിലായിരുന്നു തല്ല് തുടങ്ങിയത്.
ബഹളം കേട്ട് സമീപവാസികളും വഴിയാത്രക്കാരും ഓഫീസിന് താഴെ ഓടിക്കൂടി. പ്രകോപിതരായ കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിച്ച് പിന്‍തിരിപ്പിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാക്കേറ്റം കയ്യാങ്കളിയായതോടെ ഡിസിസി പ്രസിഡന്റ് കാറില്‍ കയറി സ്ഥലം വിട്ടു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കുന്നത്തൂരെ ഗാന്ധിഗ്രാം പരിപാടിയുടെ ആലോചനാ യോഗമാണ് കയ്യാങ്കളിയിലെത്തിയത്. പോരുവഴി കുറുംബകര കോളനിയിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പോരുവഴിക്കാരനായ അഡ്വ. കാഞ്ഞിരവിള അജയകുമാറിനെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അവഗണിച്ചു എന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്നുണ്ടായ വാഗ്വാദമാണ് തെറിവിളിയും പിന്നീട് കയ്യാങ്കളിയുമായത്.