കോണ്‍ഗ്രസിന്റെ ഔദാര്യം വേണ്ട, എന്നെ തൂക്കിക്കൊല്ലണം: ബിയാന്ത് സിംഗ് വധക്കേസ് പ്രതി
പട്യാല|
WEBDUNIA|
PRO
PRO
തന്റെ വധശിക്ഷ നടപ്പാക്കണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റക്കാരന്‍ ബല്‍വന്ത് സിംഗ് രജോന. താന്‍ ദയയ്ക്ക് വേണ്ടി ആരോടും അപേക്ഷിച്ചിട്ടില്ലെന്നും തനിക്ക് വേണ്ടി ആരും അത് ചെയ്യേണ്ടെന്നും രജോന പറയുന്നു. ബബ്ബര്‍ ഖല്‍സ തീവ്രവാദിയായ ഇയാള്‍ തുറന്ന കത്തിലൂടെയാണ് നിയമത്തെയും സര്‍ക്കാരിനെയുംവെല്ലുവിളിയ്ക്കുന്നത്.
കോണ്‍ഗ്രസിന്റെ ദയ തനിക്ക് വേണ്ട. അതിനായി തല കുനിയ്ക്കാന്‍ ഒരുക്കമല്ല. സഹോദരി വഴി അയച്ച കത്തില്‍ രജോന പറയുന്നു. മുമ്പും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. കഴുമരത്തിലേക്ക് പോകാന്‍ താന്‍ ഒരുക്കമാണ് എന്നാണ് പട്യാല ജയിലില്‍ കഴിയുന്ന ഇയാള്‍ പറഞ്ഞത്.
രജോണയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിംഗ് ബാദലും കൂട്ടരും കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് ഇയാളുടെ കത്ത്.
1995 ഓഗസറ്റ് 31ന് ആണ് രജോണയും സംഘവും ബിയാന്ത് സിംഗിനെ ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയത്. പഞ്ചാബ് സിവില്‍ സെക്രട്ടേറിയേറ്റില്‍ നടന്ന സ്ഫോടനത്തില്‍ ബിയാന്ത് സിംഗ് അടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 2006ല്‍ രജോനയ്‌ക്ക് വധശിക്ഷ വിധിച്ചു.
2012 മാര്‍ച്ച് 31ന് ഇയാളുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ അപേക്ഷ പ്രകാരം ഇത് നീണ്ടുപോകുകയായിരുന്നു.