ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് ശബരിമല ശ്രീധര്‍മ്മ ശാസ്താ നട വെള്ളിയാഴ്ച വൈകിട്ടു തുറന്നു. ശനിയാഴ്ചയാണ് ചിത്തിര ആട്ടത്തിരുനാള്‍. വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്ക് നട തുറന്നതിനു ശേഷം ശബരിമല തന്ത്രി കണ്‌ഠര് മഹേശ്വരരുടെ കാര്‍മ്മികത്വത്തില്‍ സഹസ്രകലശ പൂജ നടന്നു.
ചിത്തിര ആട്ടത്തിരുനാള്‍ ആഘോഷത്തോടൊപ്പം ലക്ഷാര്‍ച്ചന, സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമന പൂജ, പടി പൂജ എന്നീ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും. പൂജകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച രണ്ടാം തീയതി രാത്രി പത്ത് മണിക്ക് തന്നെ തിരുനട അടയ്ക്കും.
നിലവിലെ ശബരിമല മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റിയുടെ ശബരിമലയിലെ അവസാന അയ്യപ്പ പൂജയായിരിക്കും ശനിയാഴ്ച നടക്കുക. ഈ വര്‍ഷത്തെ മണ്ഡലാരംഭത്തിനായി വൃശ്ചികം ഒന്നാം തീയതിയുടെ തലേന്ന് - നവംബര്‍ 15 - വൈകിട്ട് അഞ്ചര മണിക്ക് ശബരിമല തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പുതിയ മേല്‍ശാന്തിയാവും ഇനി നട തുറക്കുന്നത്.