കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും കൂട്ട സിസേറിയന്‍ നടന്നതായി റിപ്പോര്‍ട്ട്. ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍ക്ക് തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധി ലഭിക്കുന്നതിനായായിരുന്നു ഇത്. ഈ മാസം ഇരുപതാം തീയതി മുതല്‍ ഈ ഡോക്ടര്‍ അവധിയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഏപ്രില്‍ 16,18,19 തീയതികളിലാണ് ഗര്‍ഭിണികളെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്.
16 സിസേറിയനുകളാണ് ഇവിടെ നടന്നത്. ഈ തീയതികളില്‍ ഒരു സാധാരണ പ്രസവം പോലും ഈ ആശുപത്രിയില്‍ നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 30-ന് പ്രസവസാധ്യത കല്‍പിച്ച ഗര്‍ഭിണികളെ വരെ സിസേറിയന് വിധേയരാക്കി എന്നാണ് റിപ്പോര്‍ട്ട്. ചേര്‍ത്തലയിലെ കൂട്ട സിസേറിയന്റെ വാര്‍ത്ത പുറത്ത് വന്നതോടെ സിസേറിയന് വിധേയരായവരെ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഇതെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ചേര്‍ത്തല സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന കൂട്ട സിസേറിയന്‍ വന്‍ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് ഡോക്ടര്‍മാരെ സ്ഥലം മാറ്റിക്കൊണ്ട് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്ക് തുടര്‍ച്ചായായ ദിവസങ്ങളില്‍ അവധി ലഭിക്കുന്നതിനായി രണ്ട് ദിവസത്തിനിടെ 21 പ്രസവ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. ഇതെക്കുറിച്ച് ജില്ലാ കളക്ടര്‍ ഡി എം ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.