പ്രേമചന്ദ്രന്‍ ഇത്തവണയും ചവറയില്‍ ജനവിധി തേടും

തിരുവനന്തപുരം| WEBDUNIA|
PRO
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആര്‍ എസ് പി പ്രഖ്യാപിച്ചു. ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഇത്തവണയും ചവറയില്‍ നിന്ന് ജനവിധി നേടും. കൊല്ലം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും സിറ്റിംഗ് എം എല്‍ എമാരായിരിക്കും മത്സരിക്കുക. അരുവിക്കരയില്‍ അമ്പലത്തറ ശ്രീധരന്‍ നായര്‍ മത്സരിക്കും.

കൊല്ല ജില്ലയിലെ കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും ഇരവിപുരത്ത് എ എ അസീസും മത്സരിക്കും. ചവറയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഇത്തവണ രണ്ടാം പ്രാവശ്യമാണ് വിധി തേടുന്നതെങ്കില്‍ കോവൂര്‍ കുഞ്ഞുമോനും എ എ അസീസും അങ്കത്തിനിറങ്ങുന്നത് മൂന്നാംവിജയം മുന്നില്‍ കണ്ടാണ്.

ആര്‍ എസ് പിയുടെ മുതിര്‍ന്ന നേതാവ്‌ വി പി രാമകൃഷ്ണപിള്ളയ്ക്കു വരെ കാലിടറിയ മണ്ഡലത്തില്‍ 2006ല്‍ ചരിത്രവിജയമാണ് പ്രേമചന്ദ്രന്‍ സ്വന്തമാക്കിയത്. 1786 വോട്ടിനായിരുന്നു വിജയം. വിജയം ചവറയില്‍ നിലനിര്‍ത്തുന്നത് മുന്നില്‍ കണ്ടാണ് ഇത്തവണയും പ്രേമചന്ദ്രനെ ഇവിടെ നിര്‍ത്തുന്നത്.

2001ലും 2006ലും ഇരവിപുരം മണ്ഡലത്തില്‍ നിന്ന് ജയം കണ്ട അസീസ് കോടതിവിധിയുടെ ബലത്തില്‍ എട്ടു വോട്ടിനായിരുന്നു ആദ്യവിജയം സ്വന്തമാക്കിയത്. ലീഗിലെ ടി എ അഹമ്മദ് കബീര്‍ ആയിരുന്നു ആദ്യ എതിരാളി. 2006ല്‍ യൂത്ത് ലീഗിന്റെ കെ എം ഷാജി എതിരാളിയായി എത്തിയെങ്കിലും ഭൂരിപക്ഷം 24049 ആയി ഉയര്‍ത്തിക്കൊണ്ടായിരുന്നു അസീസ് നിയമസഭയിലെത്തിയത്.

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതണ് കോവൂര്‍ കുഞ്ഞുമോന് ഇത്തവണയും നറുക്ക് വീഴാന്‍ കാരണമായത്. 2001ല്‍ പന്തളം സുധാകരനെ തോല്‍പിച്ച കുഞ്ഞുമോന് 2006ല്‍ 22,573 ആയിരുന്നു ഭൂരിപക്ഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :