സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയില്‍ അഞ്ചാം തീയതി മുതല്‍ തുടക്കമിടും. കലാസാഹിത്യ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടനം ജൂലൈ നാലിന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കും. ജില്ല ഭരണകൂടം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, കൊച്ചി, മെട്രോ ഫിലിം സൊസൈറ്റികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ആറിന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററിലാണ് ചിത്രപ്രദര്‍ശനം. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കായിരിക്കും പ്രവേശനം.
ആദ്യത്തെ മാസം ഫോണ്‍ വഴിയായിരിക്കും സീറ്റ് റിസര്‍വേഷനെങ്കിലും അടുത്ത മാസത്തോടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമൊരുക്കുമെന്ന് ഇതേക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍ പി ഐ ഷെയ്ക്പരീത് വ്യക്തമാക്കി.
എല്ലാ ദിവസവും വൈകിട്ട് ആറിന് തുടങ്ങുന്ന പ്രദര്‍ശനത്തില്‍ ആദ്യം ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് നിര്‍മിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തുടര്‍ന്നായിരിക്കും പ്രധാന സിനിമയുടെ സ്ക്രീനിങ്. ഒരു മാസത്തെ സിനിമകള്‍ കാണാന്‍ 100 രൂപ ഫീസീടാക്കും. ആഴ്ചതോറുമുള്ള പ്രദര്‍ശനത്തിനായി ബുക്കിങ്ങിന് 25 രൂപ വീതം ഈടാക്കും. മുന്‍കൂര്‍ ബുക്കിങ് കുറവുള്ള സിനിമകള്‍ക്ക് പ്രദര്‍ശന ദിവസവും ടിക്കറ്റ് നല്‍കും.
രാജ്യാന്തര പ്രശസ്തമായ ഇന്ത്യന്‍-വിദേശ സിനിമകളായിരിക്കും പ്രദര്‍ശിപ്പിക്കുക. ആദ്യസിനിമ ഋതുപര്‍ണഘോഷിന്റെ ചോക്കര്‍ബാലിയാണ്. തുടര്‍ന്നുള്ള ആഴ്ചകളില്‍ ലാസ്റ്റ് എംപറര്‍, റഷ്യന്‍ സിനിമ ദ റിട്ടേണ്‍, ഇറ്റാലിയന്‍ സിനിമ വീ ഹാവ് എ പോപ്പ് എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. രബീന്ദ്രനാഥടാഗോറിന്റെ ചോക്കര്ബാലിയെന്ന നോവലിനെ ആസ്പദമാക്കി 2003-ലാണ് ഋതുപര്‍ണഘോഷ് സിനിമ സംവിധാനം ചെയ്തത്.