തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 18 ജൂലൈ 2009 (15:34 IST)
കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസഹായം ഉടന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം, വടക്കന്‍ കേരളത്തിലെ കാലവര്‍ഷക്കെടുതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചതായി റവന്യുമന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിനായി വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെ എല്ലാ റവന്യൂ ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
മഴദുരിതം ഇന്നും തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. കൊക്കാത്തോട് തേക്കിനാല്‍ പതാലില്‍ റെജി(32), അട്ടച്ചാക്കല്‍ ചാങ്കൂര്‍മുക്ക് അമ്പായിക്കല്‍ മേലേതില്‍ വിജയന്‍(45) എന്നിവരാണ് മരിച്ചത്.
പാലക്കാട് കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. മായന്നൂര്‍ സ്വദേശി ഇന്ദുചൂഡന്‍(46) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
കണ്ണൂര്‍ പാനൂരിനടത്ത് ചെറ്റക്കണ്ടിയില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം ഉണ്ടായി. കറുകുറ്റിക്കടുത്ത് മാമ്പ്രയില്‍ റെയില്‍പാളം തകര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഉച്ചക്ക് ഒന്നരയോടെ തകര്‍ന്ന പാളം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയിലെ അറുപത് അംഗങ്ങളെകൂടി കേരളത്തിലേയ്ക്ക് അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു.