WEBDUNIA|
Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:15 IST)
വടകര ലോക്സഭാ മണ്ഡലത്തില്‍ ഇടതുമുന്നണിക്കെതിരെ പുതിയൊരു തന്ത്രം പയറ്റാനൊരുങ്ങുകയാണ് യു ഡി എഫ്. എല്‍ ഡി എഫിലെ ഇടഞ്ഞു നില്‍ക്കുന്ന കക്ഷിയായ ജനതാദള്‍ സെക്കുലറിന്‍റെ സഹായമാണ് ഈ മണ്ഡലത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നത്. വടകരയിലെ സ്ഥാനാര്‍ത്ഥിയെ യു ഡി എഫ് പ്രഖ്യാപിക്കാന്‍ വൈകുന്നത് ദളുമായുള്ള ചര്‍ച്ചയ്ക്കു വേണ്ടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ജനതാദളിന്‍റെ സ്ഥാനാര്‍ത്ഥി തന്നെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ അതോ, യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ ദള്‍ പിന്തുണയ്ക്കുമോ എന്നു മാത്രമേ അറിയാനുള്ളൂ. എന്തായാലും വടകരയില്‍ ദളുമായി ഒരു നീക്കുപോക്കിനു തന്നെയാണ് യു ഡി എഫ് ശ്രമിക്കുന്നത്.
വടകരയില്‍ പി സതീദേവിയാണ് എല്‍ ഡി എഫിന്‍റെ സ്ഥാനാര്‍ത്ഥി. ജനതാദളിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.
വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിയ്ക്കുമെന്നാണ് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചത്. വടകരയില്‍ ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തും. പത്ത് വോട്ടിനു വേണ്ടി ഏതു കൊള്ളരുതായ്മകള്‍ക്കും എല്‍ ഡി എഫ് തയ്യാറാകുമെന്നതിന് തെളിവാണ് അവരുടെ മദനി ബന്ധം. ഇടതുമുന്നണി മദനിയെപോലുള്ള വര്‍ഗീയ നേതാക്കളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
ലാവ്‌ലിന്‍ കേസില്‍, തെരഞ്ഞെടുപ്പ് കാലത്ത് പ്രോസിക്യൂഷന്‍ വരരുതെന്ന് അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മൂന്ന് ആഴ്ച വേണമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഒരു മാസത്തിലധികമായി. ലാവ്‌ലിന്‍ കേസില്‍, ഉടന്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയോട് യു ഡി എഫ് ആവശ്യപ്പെടുമെന്നും അദേഹം പറഞ്ഞു.
പി സി ജോര്‍ജിനെ യു ഡി എഫിന്‍റെ ലെജിസ്ലേറ്റര്‍ പാര്‍ട്ടിയിലെ അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.