തിരുവനന്തപുരം|
Joys Joy|
Last Updated:
വ്യാഴം, 12 ഫെബ്രുവരി 2015 (12:01 IST)
സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കെ എസ് എഫ് ഇയുടെ നൂറ് ശാഖകള്‍ കൂടി അടുത്ത സാമ്പത്തികവര്‍ഷം തുറക്കുമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. 2011ല്‍ 366 ശാഖകളാണ് ഉണ്ടായിരുന്നത്, എങ്കില്‍ ഇപ്പോഴത് 505 ആയി ഉയര്‍ന്നു എന്നും അദ്ദേഹം പറഞ്ഞു.
കെ എസ് എഫ് ഇ ഭാഗ്യവര്‍ഷ ചിട്ടിയുടെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ പഞ്ചായത്തിലും കുറഞ്ഞത് ഒരു ശാഖയെന്നതാണ് ലക്‌ഷ്യമെന്ന് മന്ത്രി മാണി പറഞ്ഞു. കെ എസ് എഫ് ഇയുടെ ശാഖകളെ ബന്ധിപ്പിക്കുന്ന ‘കോര്‍-സൊല്യൂഷന്‍’ എല്ലാ ശാഖകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ പരീക്ഷണപ്രവര്‍ത്തനം നടന്നുവരികയാണ്. ചിട്ടി തവണകള്‍ വിവിധ ബാങ്കുകള്‍ വഴിയും ഓണ്‍ലൈന്‍, മൊബൈല്‍ പേയ്‌മെന്റ് വഴിയും അടയ്ക്കാന്‍ ബാങ്കുകളുമായി സഹകരിച്ച് സംവിധാനമുണ്ടാക്കും. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ക്കായി ഇക്കൊല്ലം ഒന്നര കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതുപോലെ കെ എസ് എഫ് ഇയുടെ മൊത്തം ബിസിനസ് ടേണോവര്‍ 12,333 കോടിരൂപ ആയിരുന്നത് 24,648 കോടി രൂപയായി വര്‍ധിച്ചു. 99 ശതമാനമാണ് വര്‍ധന. ലാഭം 2010-11ല്‍ 55 കോടി ആയിരുന്നത് 2013-14ല്‍ 173 കോടിയായി. നടപ്പുവര്‍ഷം 220 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ലാഭം. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.