ഞായറാഴ്ച ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ഇന്ദു എന്ന ഗവേഷകയ്ക്കായി ആലുവ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുന്നു. ഇന്ദുവിന്‍േറത് പോലുള്ള ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പെരിയാറില്‍ കണ്ടുവെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണിത്. വ്യാഴാഴ്ച വൈകിട്ട് ആലുവയിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് പെരിയാറില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി റെയില്‍വെ പോലീസിനെ അറിയിച്ചത്. പച്ച ചുരിദാറായിരുന്നു മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്നും ഇയാള്‍ പറയുന്നു. ഇതെത്തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദ്ധരുള്‍പ്പെടുന്ന സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നാല് സംഘങ്ങളായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
അതേസമയം, ഇന്ദു യാത്രമധ്യേ അബദ്ധത്തില്‍ പുഴയില്‍ വീണതാണെന്ന സംശയം ബലപ്പെട്ടിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് വളരെക്കുറവുള്ള ഇന്ദു ഇടയ്ക്കിടെ മയങ്ങിവീഴാറുണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചതാണോ എന്നതാണ് സംശയം.
ഞായറാഴ്ച രാത്രി തിരുവനന്തപുരം - മംഗാലാപുരം എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യവെയാണ് ഇന്ദു അപ്രത്യക്ഷയായത്. എന്‍ ഐ ടി യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയായ ഒ കെ ഇന്ദു(25)വിന്‍റെ വിവാഹം മെയ് 16ന് നടക്കാനിരിക്കെയാണ് സംഭവം നടന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സഹോദരിയുടെ മകനാണ് ഇന്ദുവിന്‍റെ പ്രതിശ്രുതവരന്‍. പഠനകാലം മുതല്‍ തന്നെ ഇവര്‍ ഇരുവരും സുഹൃത്തുക്കളുമാണ്.
പേട്ട സ്റ്റേഷനില്‍ നിന്നായിരുന്നു ഇന്ദു ട്രെയിനില്‍ കയറിയത്. സ്റ്റേഷനില്‍ വച്ച് ഇന്ദു പ്രതിശ്രുതവരനെ വിളിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വാഹനമോടിക്കുകയായിരുന്നതിനാല്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ഇയാള്‍ നിരവധി തവണ തിരിച്ചുവിളിച്ചെങ്കിലും ഇന്ദു ഫോണ്‍ എടുത്തില്ലെന്നാണ് വിവരം. മാത്രമല്ല, പിന്നീട് വന്ന ഒരു കോളും ഈ പെണ്‍കുട്ടി എടുത്തിട്ടുമില്ല.
അതേസമയം എന്‍ ഐ ടിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ബാലരാമപുരം സ്വദേശി സുഭാഷ് എന്നയാള്‍ അന്നേ ദിവസം ഇന്ദുവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. എ സി കോച്ചില്‍ ആയിരുന്നു ഇരുവരും. ട്രെയിന്‍ കായംകുളത്തെത്തുന്നത് വരെ ഇന്ദു ബര്‍ത്തില്‍ ഉണ്ടായിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇയാള്‍ക്കും വ്യക്തതയില്ല. ട്രെയിന്‍ കല്ലായിയില്‍ എത്തിയപ്പോഴാണ് ഇന്ദുവിനെ കാണാതായ വിവരം താന്‍ അറിയുന്നതെന്ന് സുഭാഷ് വ്യക്തമാക്കി. ഇയാള്‍ ഇന്ദുവിന്‍റെ കുടുംബസുഹൃത്താണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളെ പിന്നീട് വിശദമായി ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.
ഇന്ദുവിന്റെ ബാഗുകളും പണവും മൊബൈല്‍ ഫോണുമൊക്കെ ബര്‍ത്തില്‍ തന്നെ കാണപ്പെട്ടതാണ് പൊലീസിനെ കുഴക്കുന്നത്. മോഷണം നടത്താനായി ആരെങ്കിലും ഇന്ദുവിനെ അപായപ്പെടുത്തിയതാണെങ്കില്‍ ബാഗും മൊബൈലും ഒന്നും ഉപേക്ഷിച്ചുപോകില്ലല്ലോ. ഇന്ദു സ്വമേധയാ എങ്ങോട്ടെങ്കിലും പോയതാണെങ്കിലും ബാഗെടുക്കാതെ പോകാന്‍ സാധ്യതയില്ല.
അതേസമയം, എ സി കോച്ചില്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരും തന്നെ അന്നേ ദിവസം അസ്വാഭാവികമായി ഒന്നും കണ്ടതായി പറയുന്നില്ല. ഇന്ദുവിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.
പേട്ട മുതല്‍ കല്ലായി വരെയുള്ള റയില്‍പാളങ്ങളില്‍ ഇരുവശത്തും വിശദമായ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍ നായര്‍ - ഓമനക്കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ഷമ്മി എന്നുവിളിക്കുന്ന ഇന്ദു. പ്രതിശ്രുത വരനും ഇന്ദുവിന്‍റെ പിതാവും കോഴിക്കോടെത്തിയിട്ടുണ്ട്. മകളെ കാണാനില്ലെന്ന് അറിഞ്ഞ നിമിഷം കുഴഞ്ഞുവീണ അമ്മ ഓമനക്കുഞ്ഞമ്മ ഇപ്പോഴും അതേനിലയില്‍ തുടരുന്നു.