അമ്മയോട് പിണങ്ങിപ്പോയ വിദ്യാര്‍ഥിയെ ആറുമാസത്തിന് ശേഷം കൂട്ടുകാര്‍ കണ്ടുപിടിച്ചു
ഒറ്റപ്പാലം|
WEBDUNIA|
PRO
PRO
അമ്മയോട് പിണങ്ങി വീടുവിട്ടുപോയ വിദ്യാര്‍ഥിയെ ആറുമാസത്തിന് ശേഷം കൂട്ടുകാര്‍ കണ്ടെത്തി. തൃശൂര്‍ മുള്ളൂര്‍ക്കര പൊറ്റേക്കാട് ഗീതയുടെ മകന്‍ ശ്രീജിത്തിനെയാണ് (17) സുഹൃത്തുക്കള്‍ കണ്ടെത്തിയത്. ഷൊര്‍ണൂരിലെ പാരലല്‍ കോളജ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശ്രീജിത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടുപോയത്.
കയിലിയാടു വച്ച് അവിചാരിതമായി ശ്രീജിത്തിനെ സഹപാഠികള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കൂട്ടുകാരോട് മനഃപൂര്‍വം പേരും വിലാസവും മാറ്റിപറഞ്ഞ് ശ്രീജിത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. അധ്യാപികയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ശ്രീജിത്തിന്റെ അമ്മയുമായി ബന്ധപ്പെട്ട് അടയാളങ്ങള്‍ ചോദിച്ചുറപ്പിച്ചു.
ഇതിനിടെ ശ്രീജിത്ത് ഒറ്റപ്പാലം ബസില്‍ കയറിപ്പോയി. ഇതുകണ്ട കൂട്ടുകാര്‍ ബൈക്കില്‍ പിന്തുടരുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. ബസില്‍ ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ശ്രീജിത്തിനെ പോലീസ് പിടിച്ചുനിര്‍ത്തി. അപ്പോഴേയ്ക്കും സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അമ്മ ഗീതയുമെത്തി. തുടര്‍ന്ന് ശ്രീജിത്തിനെ മാതാവിനൊപ്പം അയച്ചു.
വീടുവിട്ടശേഷം ഷൊര്‍ണൂരിലും എറണാകുളത്തുമായി കഴിഞ്ഞ ശ്രീജിത്ത് എറണാകുളത്ത് കറിപൗഡര്‍ കമ്പനിയില്‍ ജോലിക്കു കയറിയിരുന്നു. ജോലി സംബന്ധമായാണ് കയിലിയാട്ട് എത്തിയത്.