തന്റെ അച്ഛന്റെ കൈപ്പിഴ കൊണ്ട് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായതില്‍ അതീവദുഃഖം ഉണ്ടെന്നും ദയവായി അച്ഛന് മാപ്പുനല്‍കണമെന്നും തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്‍. തിലകന്‍ സഞ്ചരിച്ച സ്കോര്‍പിയോ വാന്‍ ഓട്ടോയില്‍ ഇടിച്ചതിനാല്‍ പരിക്കേറ്റ് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന, പിഞ്ചുകുഞ്ഞുങ്ങളുടെ പാതാപിതാക്കളെ കാണാനെത്തിയപ്പോഴാണ് കരഞ്ഞുകൊണ്ട് ഷമ്മി ഇങ്ങിനെ പറഞ്ഞത്. ഷമ്മിക്കൊപ്പം സഹോദരന്‍ ഷോബി തിലകനും ആശുപത്രിയില്‍ എത്തിയിരുന്നു.
സ്കോര്‍പ്പിയോ ഇടിച്ച് കുട്ടികള്‍ വീണു കിടക്കുന്നതു കണ്ടാണ് അച്ഛന് നെഞ്ചുവേദന വന്നതെന്ന് ഷമ്മി പറഞ്ഞു. തന്നെക്കൊണ്ടും അച്ഛനെക്കൊണ്ടും പറ്റുന്ന സഹായങ്ങള്‍ ചെയ്തുതരാമെന്നും പറഞ്ഞാണു ഷമ്മി വാഗ്ദാനം ചെയ്തു. ആശുപത്രിയില്‍ നിന്ന് ഷമ്മി നേരെ പോയത് ഫിറോസിന്റെ വണ്ടൂരിലുള്ള വീട്ടിലേക്കാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ വേര്‍പാടില്‍ മനം തകര്‍ന്നിരിക്കുന്ന കുടുംബാംഗങ്ങളെയും ഷമ്മി ആശ്വസിപ്പിച്ചു.
വണ്ടൂര്‍ കാപ്പിച്ചാലിലെ മുണ്ടിയന്‍കാവില്‍ ഫിറോസ്ഖാന്റെയും ഭാര്യ പയ്യനാട് പിലാക്കല്‍ ജസീനയുടെയും മക്കളായ ഫര്‍സിന്‍ഖാന്‍ (6), സഹോദരി ഫാത്തിമ ഫിദ (രണ്ടര വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ പാണ്ടിക്കാട് വണ്ടൂര്‍ റോഡില്‍ ഹൈസ്കൂള്‍ പടിയിലായിരുന്നു അപകടം. പെരിന്തല്‍മണ്ണയില്‍ നിന്നും നിലമ്പൂരിലേക്കു പോവുകയായിരുന്ന സ്കോര്‍പിയോ വാനും വണ്ടൂരില്‍ നിന്നും പയ്യനാട് ചോലക്കലിലേക്കു പോവുകയായിരുന്ന ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഓട്ടോയില്‍ നിന്നും വളരെ പണിപെട്ടാണ് ആളുകളെ പുറത്തെടുത്തത്. കുട്ടികള്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ഉടന്‍ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മഞ്ചേരി ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. നെഞ്ചുവേദനയെ തുടര്‍ന്നു തിലകനേയും നിസാര പരിക്കേറ്റ പേഴ്സണല്‍ സ്റ്റാഫ് ഷബ്നയെയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.