മത്സരിക്കാന്‍ ജഗദീഷ് സമ്മതമറിയിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
നടന്‍ ജഗദീഷ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ജഗദീഷ് ഒരുങ്ങുന്നത്. മത്സരിക്കാന്‍ സമ്മതമാണെന്ന് കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കളെ ജഗദീഷ് അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലത്തിലായിരിക്കും ജഗദീഷ് ജനവിധി തേടുകയെന്നറിയുന്നു.

ജഗദീഷ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതായി മുമ്പുതന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യം തുറന്നു സമ്മതിച്ചിരുന്നില്ല. തന്‍റെ കോണ്‍ഗ്രസ് പ്രേമം പലതവണ ജഗദീഷ് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങാത്തതിനാല്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു.

ജഗദീഷ് മത്സരിക്കണമെന്നത് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യമായിരുന്നു. പലതവണയായി നടത്തിയ ആശയവിനിമയങ്ങള്‍ക്കൊടുവിലാണ് മത്സരിക്കാനുള്ള സമ്മതം ജഗദീഷ് അറിയിച്ചിരിക്കുന്നത്.

‘സ്ഥലത്തെ പ്രധാന പയ്യന്‍സ്’ എന്ന ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിച്ച ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ആരും മറന്നിട്ടുണ്ടാവില്ല. ആ കഥാപാത്രം അവിചാരിതമായി രാഷ്ട്രീയത്തിലിറങ്ങുകയും പിന്നീട് ആഭ്യന്തരമന്ത്രിയാവുകയും ചെയ്യുകയാണ്. ജഗദീഷും അതേ പാതയിലാണോ നീങ്ങുന്നതെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ - സിനിമാലോകങ്ങള്‍ ഒരുപോലെ ചോദിക്കുന്നത്.

അതേസമയം, നടന്‍ മുകേഷും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍. സി പി ഐയുടെ സ്ഥാനാര്‍ത്ഥിയായി കൊല്ലം ജില്ലയിലെ ഒരു മണ്ഡലത്തില്‍ മുകേഷ് മത്സരിക്കും. കെ ബി ഗണേഷ്കുമാറാണ് മറ്റൊരു താരസ്ഥാനാര്‍ത്ഥി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :