സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഫേസ്‌ബുക്കില്‍ നിന്ന് പുറത്ത്!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മകളിലെ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ശ്രമിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് ആവിഷ്ക്കാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്ന വാദമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തുകയും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും പറഞ്ഞിരുന്നു. പക്ഷേ ഭരണകൂട വിമര്‍ശനങ്ങളുള്ള പോസ്റ്റുകള്‍ക്ക് ഇന്റര്‍നെറ്റ് സൌഹൃദക്കൂട്ടായ്മകളില്‍ വിലക്കുണ്ടാകുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

പെട്രോള്‍ വില വര്‍ധനവിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത അഭിഭാഷകന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തത് ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നു. കാര്‍ട്ടൂണിസ്റ്റ് ജയരാജന്‍ വരച്ച കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത ഹൈക്കോടതി അഭിഭാഷകന്‍ അനില്‍ ഐക്കരയുടെ അക്കൌണ്ടാണ് സസ്പന്‍ഡ് ചെയ്തത്.

പെട്രോള്‍ വില വര്‍ധിപ്പിച്ചതിന്റെ പിറ്റേദിവസമാണ് അനില്‍ കാര്‍ട്ടൂണ്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് നിരവധി ഷെയറുകളും കമന്റുകളും ലൈക്കുകളും ലഭിച്ചു. പക്ഷേ പിറ്റേദിവസം ആ പോസ്റ്റ് ഇല്ലാതാക്കിയതായി ഫേസ്‌ബുക്കില്‍ അനിലിന് സന്ദേശം ലഭിച്ചു. ഇതേത്തുടര്‍ന്ന് അനില്‍ വീണ്ടും ആ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ പിറ്റേന്ന് അനിലിന് ഫേസ്‌ബുക്ക് അക്കൌണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. ഫേസ്‌ബുക്ക് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു എന്ന അറിയിപ്പാണ് ലഭിച്ചത്.

ഇതേ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത മന്ദാരം എന്ന ഫേസ്‌ബുക്ക് ഫാന്‍ പേജും ഫേസ്‌ബുക്ക് സസ്‌പെന്‍ഡ് ചെയ്തു. തന്റെ അക്കൌണ്ട് സസ്പന്‍ഡ് ചെയ്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അനില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :