ഫേസ്ബുക്കിനെതിരെ കേസ്. സാമൂഹിക പ്രവര്‍ത്തകയായ നൂതന്‍ താക്കൂറാണ് ഹിന്ദുമതത്തെയും ദൈവങ്ങളെയും അധിക്ഷേപിച്ചെന്നാരോപിച്ച് ഫേസ്ബുക്കിനും അതിലെ അംഗങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയത്. മീററ്റിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 2000ലെ സെക്ഷന്‍ 66 പ്രകാരമാണ് ഇവര്‍ പരാതി നല്‍കിയത്. വര്‍ഗീയ വികാരങ്ങള്‍ ഇളക്കി രാജ്യത്ത് കലാപങ്ങള്‍ക്കുള്ള സാധ്യതയുണ്ടാക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട ഒരു പ്രൊഫൈല്‍ ഫേസ്ബുക്കിലുണ്ടെന്ന് അവര്‍ പരാതിപ്പെട്ടു.
തന്‍റെ പരാതികളേറെയും പ്രത്യക്ഷമായ വര്‍ഗ്ഗീയ വികാരങ്ങള്‍ക്കെതിരാണെന്നും ഇവ വ്യാജ ഐഡികളുപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെങ്കിലും അത് ഇസ്ലാമിനെയും ഹൈന്ദവതയെയും അധിക്ഷേപിക്കാനുള്ളതാണെന്നും അവര്‍ പറഞ്ഞു. ഈ വ്യാജ പ്രൊഫൈല്‍ ഏറെ പ്രകോപിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ‘3 ഇഡിയറ്റ്സ്‘ എന്ന പേരില്‍ മൂന്ന് ഹിന്ദുദൈവങ്ങളെ ചിത്രീകരിച്ച പടമുള്‍ക്കൊള്ളുന്നതാണ് പ്രൊഫൈല്‍. അതേസമയം ഇത്തരത്തിലുള്ള ധാരാളം ഇസ്‌ലാം വിരുദ്ധ പ്രൊഫൈലുകള്‍ ഫേസ്ബുക്കിലുണ്ടെന്നും അത് നീക്കം ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെയൊന്ന് നിര്‍മ്മിച്ചതെന്നും ഈ പ്രൊഫൈലില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച്ച ‘ഞങ്ങള്‍ ഗാന്ധിയെ വെറുക്കുന്നു’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ നൂതന്‍ താക്കൂറും ഭര്‍ത്താവും ഐപിഎസുകാരനുമായ അമിതാഭ് താക്കൂറും പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ഈ ഗ്രൂപ്പ് നിര്‍ത്തലാക്കിയിരുന്നു.