ഈജിപ്തുകാരന്‍ മകള്‍ക്ക് പേരിട്ടു, ഫേസ്ബുക്ക്

ലണ്ടന്‍| WEBDUNIA|
മുബാറകിനെ താഴെയിറക്കിയ ഫേസ്ബുക്കിനോടുള്ള നന്ദി പ്രകാശിപ്പിച്ച് ഒരു ഈജിപ്തുകാരന്‍ മകള്‍ക്ക് ഫേസ്ബുക്ക് എന്ന് പേരിട്ടു. പ്രസിഡന്റ് ഹോസ്നി മുബാറകിന് സ്ഥാനം നഷ്ടപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വഹിച്ച പങ്ക് ചെറുതല്ല. താഹിര്‍ സ്ക്വയറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ജനങ്ങളെ അണിനിരത്തുന്നതില്‍ ഈ സൈറ്റിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമായിരുന്നു.

ഫേസ്ബുക്കിലൂടെ നടന്ന സമരാഹ്വാനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ജമാല്‍ ഇബ്രാഹിം തന്റെ മകള്‍ക്ക് ഫേസ്ബുക്ക് എന്ന് പേരിടാന്‍ തീരുമാനിച്ചത്. ഫേസ്ബുക്ക് ജമാല്‍ ഇബ്രാഹിം എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. അല്‍-അഹ്‌മര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കുഞ്ഞു ഫേസ്ബുക്ക് സ്കൂളിലെത്തുമ്പോല്‍ യാഹു, എ ഓ എല്‍ എന്നിവര്‍ സഹപാഠികളായി ഉണ്ടാകുന്നത് തനിക്ക് ഇഷ്‌ടമല്ല എന്നാണ് ജമാല്‍ ഇബ്രാഹിമിന്റെ അഭിപ്രായം.

മുബാറക് സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ ഫേസ്ബുക്കിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് കെയ്‌റോയില്‍ ബാനറുകള്‍ ഉയര്‍ന്നിരുന്നു. അറേബ്യയിലും ഉത്തര ആഫ്രിക്കയിലും ജനകീയ പ്രക്ഷോഭത്തിനായുള്ള ഉണര്‍വ് പകര്‍ന്നതിന് ഫേസ്ബുക്കിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം തന്നെ നല്‍കണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഈജിപ്തില്‍ തുടങ്ങിയ വിപ്ലവം ടുണീഷ്യ വഴി മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. അതിനാല്‍ പശ്ചിമേഷ്യയില്‍ പലയിടത്തും ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പേടുത്തേണ്ട അവസ്ഥ വരെ എത്തിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :