സ്വവര്‍ഗപ്രേമികളേ ഫേസ്ബുക്കിലേക്ക് ചേക്കേറൂ!

ചെന്നൈ| WEBDUNIA|
PRO
മൂന്നാം ലിംഗക്കാര്‍, സ്വവര്‍ഗരതിക്കാര്‍ തുടങ്ങിയവര്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എപ്പോഴും ലഭിക്കുന്നത് അവഗണനയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് വലിയ പിന്തുണയാണ് പലപ്പോഴും ഇന്‍റര്‍നെറ്റിന്‍റെ ലോകത്തുനിന്നും ലഭിക്കാറുള്ളത്. സാമൂഹിക ശൃംഖലാ നെറ്റ്‌വര്‍ക്കുകളില്‍ നല്‍കുന്ന പ്രൊഫൈലില്‍ ബന്ധങ്ങള്‍ പരാമര്‍ശിക്കുന്നിടത്ത് ചെല്ലുമ്പോള്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ഒന്നും ചെയ്യാനില്ല. കാരണം, ആണും പെണ്ണും എന്ന കോമ്പിനേഷന്‍ ഒഴികെയുള്ള എല്ലാത്തരം ബന്ധങ്ങളും തീണ്ടാപ്പാടകലമാണ് മിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും പുലര്‍ത്തുന്നത്.

എന്നാല്‍ മൂന്നാം ലിംഗക്കാരെയും സ്വവര്‍ഗ്ഗ രതിക്കാരെയും അംഗീകരിച്ചുകൊണ്ട് മാതൃകയാ‍വുകയാണ് ഫേസ്ബുക്ക്. ‘സിവില്‍ യൂണിയന്‍’, ‘ഇന്‍ എ ഡൊമസ്റ്റിക് പാര്‍ട്ണര്‍ഷിപ്പ്’ എന്നിങ്ങനെ രണ്ട് പുതിയ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസുകളാണ് ഫേസ്ബുക്ക് പുതുതായി ചേര്‍ത്തിരിക്കുന്നത്. നിരവധി മനുഷ്യാവകാശ സംഘടനകളുമായി നടത്തിയ തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ മാറ്റത്തിന് ഫേസ്ബുക്ക് ഒരുങ്ങിയത്.

ലോകമാകമാനം 600 ദശലക്ഷം ഉപയോക്താക്കളുള്ള ഫേസ്ബുക്ക് പുതിയ ഏര്‍പ്പാട് അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. സ്വവര്‍ഗ്ഗ ലൈംഗികതക്കെതിരായ പരമ്പരാഗത നിലപാടുകള്‍ ശക്തമായ ഇന്ത്യ പോലുള്ള ഇടങ്ങളില്‍ ഇതിന്‍റെ പ്രതികരണം എങ്ങനെയായിരിക്കും എന്നുള്ളത് വലിയ പ്രശ്നം തന്നെയാണ്. പാശ്ചാത്യരാഷ്ട്രങ്ങളില്‍ കത്തോലിക്ക സഭയെ പേടിക്കേണ്ടെങ്കില്‍ ഇന്ത്യയിലെ പാരമ്പര്യവാദികളെയും ഫേസ്ബുക്കിന് അവഗണിക്കാവുന്നതേയുള്ളൂ.

സിംഗിള്‍, ഓപണ്‍ റിലേഷന്‍ഷിപ്പ്, എന്‍ഗേജ്ഡ്, മാരീഡ്, ഡിവോഴ്സ്ഡ്, വിഡോവ്ഡ്, സെപ്പറേറ്റഡ് എന്നിങ്ങനെയാണ് നിലവിലുള്ള സ്റ്റാറ്റസ്സുകള്‍. എല്‍‌ജി‌ബിടി വിഭാഗങ്ങള്‍ എന്നറിയപ്പെടുന്ന ലെസ്ബിയന്‍, ഗെയ്, ബൈസെക്‍ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവര്‍ക്ക് തുല്യനീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന സമരങ്ങള്‍ക്ക് ഫേസ്ബുക്കിന്‍റെ നടപടി ശക്തി പകരുമെന്നാ‍ണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

അമേരിക്കയില്‍ തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് സമാനലിംഗ വിവാഹം നിയമപരമാക്കപ്പെട്ടിട്ടുള്ളത്. ഇത്തരം വിവാഹങ്ങള്‍ സിവില്‍ യൂണിയന്‍ എന്നും ഡൊമെസ്റ്റിക് പാര്‍ട്ണര്‍ഷിപ്പെന്നുമൊക്കെ പൊതുവില്‍ വിളിക്കപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :