അയച്ച മെസേജ് എഡിറ്റ് ചെയ്യാന്‍ സാധിക്കും; കിടിലന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

രേണുക വേണു| Last Modified ബുധന്‍, 1 ജൂണ്‍ 2022 (16:05 IST)

പുതിയൊരു അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ് വരുന്നു. ഒരിക്കല്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വാട്‌സ്ആപ്പ് പരീക്ഷിക്കാനൊരുങ്ങുന്നത്. വാബീറ്റാ ഇന്‍ഫോയാണ് ടെക്സ്റ്റ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്.

സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്. എഡിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ സന്ദേശം പൂര്‍ണ്ണമായും എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത കാര്യം ആ സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ ഒരു സന്ദേശം നീക്കം ചെയ്താല്‍ അക്കാര്യം സ്വീകര്‍ത്താവിനെ അറിയിക്കുന്ന രീതിയുണ്ട്. ഈ രീതിയില്‍ എഡിറ്റ് ഹിസ്റ്ററി സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ എന്ന് വ്യക്തമായിട്ടില്ല.



നിലവില്‍ വാട്സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാകൂ.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :