ടിവി കമ്പ്യൂട്ടറാക്കാം....വെറും 9,999 രൂപ ചെലവില്‍

Last Modified ചൊവ്വ, 7 ജൂലൈ 2015 (13:28 IST)
എച്ച്ഡിഎംഐ സ്ലോട്ടുള്ള ടിവിയോ മോണിറ്ററോ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം വെറും 9,999 രൂപ ചെലവില്‍. പറഞ്ഞുവരുന്നത്
ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്കിനെപ്പറ്റിയാണ്. 9999 രൂപയ്ക്ക് ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക് വാങ്ങാനാകും.

ഒരു പെന്‍ഡ്രൈവിന്റെ വലിപ്പം മാത്രമാണ് ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്കിനുള്ളത്. ഒരു എച്ച്ഡിഎംഐ ടിവിയോ മോണിറ്ററോ പൂര്‍ണ സജ്ജമായ ഒരു കംപ്യൂട്ടറാക്കി മാറ്റാന്‍ സഹായിക്കും എന്നതാണ് കംപ്യൂട്ടര്‍ സ്റ്റിക്ക് കൊണ്ടുള്ള ഉപയോഗം. വയര്‍ലെസ് കീബോര്‍ഡും മൗസും അധികമായി ഉണ്ടായിരിക്കണമെന്ന് മാത്രം. ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രൊസസറാണ് സ്റ്റിക്കിന് കരുത്ത് പകരുന്നത്.


വിന്‍ഡോസ് 8.1ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്റ്റിക്കില്‍ 32 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജും 2ജിബി റാമുമുണ്ട്. അധിക സ്‌റ്റോറേജിനായി ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ഇതുകൂടാതെ മക്കഫീ ആന്റിവൈറസ് സ്റ്റിക്കില്‍ പ്രീലോഡഡായുണ്ട്.
ഉബുണ്ടു 14.4 ഒ എസ് ഇന്‍സ്റ്റാള്‍ ചെയ്ത മറ്റൊരു ഉപകരണവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇന്റലിനു പുറമേ, ഇന്റലുമായി സഹകരിച്ച് ഐബാളും സ്റ്റിക്ക് കംപ്യൂട്ടര്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :