മിർപൂർ|
jibin|
Last Modified വെള്ളി, 19 ജൂണ്‍ 2015 (15:04 IST)
കളിക്കളത്തില്‍ പൊതുവെ ശാന്തനായി കാണുന്ന ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ തള്ളിയിട്ട സംഭവത്തില്‍ ധോണിയോട് മാച്ച് റഫറി വിശദീകരണം തേടി. തന്റെ ഭാഗം വിശദീകരിക്കുന്നതിനായി മുസ്തഫിസുറിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് മാനേജർ ബിശ്വരൂപ് ഡേയോടൊപ്പം ഹാജരാകാൻ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് നിർദേശം നൽകി.
ഇന്ത്യ ബാറ്റു ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. റൺസെടുക്കാൻ ധോണി ഓടുന്നതിനിടെ വഴിയിൽ നിന്നിരുന്ന മുസ്തഫിസുറിനെ ഇടിച്ചിടുകയായിരുന്നു. വീഴ്ചയെ തുടർന്ന് ഓവർ പൂർത്തിയാക്കാതെ മുസ്തഫിസുർ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് കളത്തില്‍ തിരിച്ചെത്തിയ ഈ അരങ്ങേറ്റക്കാരന്‍ ബൌളര്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ കേമനായി മാറി.
ഇന്ത്യക്കെതിരെയുള്ള ചരിത്ര ജയത്തിന് ഈ പ്രകടനം ബംഗ്ലാ കടുവകളെ തെല്ലൊന്നുമല്ല സഹായിച്ചത്. ഏതായാലും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാച്ച് ഫീയുടെ 75 ശതമാനം ധോണിക്ക് പിഴയിട്ടിട്ടുണ്ട്. മുസ്താഫിസുരിന് 50 ശതമാനം പിഴയാണ് മാച്ച് റഫറി വിധിച്ചിരിക്കുന്നത്. സംഭവത്തിൽ ധോണിക്ക് ഏറ്റവും ചെറിയ ശിക്ഷയായ പിഴ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് ഇന്ത്യൻ മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാൽ ലെവൽ രണ്ട് കുറ്റം തെളിഞ്ഞാൽ വിലക്കടക്കമുള്ള ശിക്ഷ ലഭിക്കും.