ചന്ദ്രയാൻ 2: ആ പ്രതീക്ഷയും വിഫലമാകുന്നു, നാസയ്‌ക്കും ഒന്നും ചെയ്യാൻ സാധിച്ചേക്കില്ല

Last Updated: ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (17:08 IST)
ഇന്ത്യയുടെ ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡറിന് എന്ത് സംഭവിച്ചു എന്നതിന് ഉത്തരം നൽകാൻ നാസക്കും ആയേക്കില്ല എന്ന് റിപ്പോർട്ടുകൾ. നാസയുടെ ലൂണാർ ഓർബിറ്റർ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്തുന്നത് കൂടുതൽ വിവരങ്ങൾ നൽകും എന്നായിരുന്നു ഗവേഷകരുടെ പ്രതിക്ഷ. എന്നാൽ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ നസയുടെ ഓർബിറ്ററിന് സാധിച്ചേക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.

തങ്ങളുടെ എൽആർഒ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തുമെങ്കിലും ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇരുട്ട് പരന്നതിനാൽ ഉപരിതലത്തിലെ എന്തെങ്കിലും ഒരു വസ്ഥുവിനെ തിരിച്ചറിയാനാകുന്ന വിധത്തിൽ വ്യക്തമായ ചിത്രങ്ങൾ പകർത്തുക വെല്ലുവിളി നിറഞ്ഞതായിരിക്കും എന്നാണ് വ്യക്തമാക്കുന്നത്. ഓർബിറ്റർ പകർത്തുന്ന ചിത്രങ്ങൾ ഐഎസ്ആർഒക്ക് നൽകും എന്നും നാസ പ്രതികരിച്ചു.

നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ്‌വർക്കിലെ മൂന്ന് കേന്ദ്രങ്ങളും ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡറുമായി ആശയ വിനിമയം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. സ്പെയിനിലെ മാഡ്രിഡ്, കാലിഫോർണിയയിലെ ഗോൾഡ്‌സ്റ്റോൺ, ഓസ്ട്രേലിയയിലെ കാൻബെറ എന്നി കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ആന്റിനകൾക്ക് ചന്ദ്രയാൻ 2വുമായി ബന്ധപ്പെടാൻ സാധിക്കുന്നുണ്ട്.

ഓർബിറ്റർ മൂന്ന് കേന്ദ്രങ്ങളിൽനിന്നുമുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകുന്നുണ്ട് എങ്കിലും വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. ചന്ദ്രയാൻ 2ന് ചില സാങ്കേതിക സഹായങ്ങൾ നാസ നൽകിയിരുന്നു. ചന്ദ്രനിലേക്ക് ഭൂമിയിൽനിന്നും കൃത്യമായ ദൂരം അളക്കുന്നതിന് ഉൾപ്പടെയുള്ള സംവിധാനങ്ങൾ വിക്രം ലാൻഡറിൽ ഒരുക്കിയിരുന്നു. നാസയുടെ ഭാവി പദ്ധതികൾക്കായുള്ള വഴികൾ തേടുക കൂടി ചെയ്യുന്നതായിരുന്നു ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം. അതാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :