ഓണ്‍‌ലൈന്‍ ഡിസ്‌കൌണ്ട് കൊടുത്താല്‍ ട്രൌസര്‍ കീറും!

WEBDUNIA|
PRO
ബ്രിട്ടണിലെ ബെര്‍ക്ക്‌ഷെയറിലുള്ള റേച്ചല്‍ ബ്രൗണ്‍ എന്ന ബേക്കറിയുടമയ്ക്ക്, ഉണ്ടാക്കുന്ന കപ്പ് കേക്ക് വിറ്റുപോകാതെ വന്നപ്പോള്‍, ആരോ ഉപദേശിച്ച വഴിയാണ് ഗ്രൂപ്പോണ്‍ എന്ന ഓണ്‍‌ലൈന്‍ ഡിസ്‌കൌണ്ട് വെബ്‌സൈറ്റില്‍ പരസ്യം നല്‍‌കാന്‍. മറ്റൊന്നും ആലോചിക്കാതെ ഡിസ്‌ക്കൌണ്ട് വെബ്‌സൈറ്റില്‍ പരസ്യം നല്‍‌കിയ ഈ വനിതാ വ്യവസായിയിപ്പോള്‍ വീടും പറമ്പും വില്‍‌ക്കേണ്ട ഗതികേടിലാണ്. കാരണമെന്തെന്നല്ലേ, പ്രതിമാസം ആയിരം കേക്ക് മാത്രം ഉണ്ടാക്കിയിരുന്ന നീഡ് എ കേക്ക് ബേക്കറിക്ക് ഒറ്റയാഴ്ച കൊണ്ട് വന്നത് 8,500 ഓര്‍ഡറുകളാണ്! ഗതികേടിന്റെ കഥ റേച്ചല്‍ പറയുന്നത് വായിക്കുക.

“എന്റെ ബേക്കറിയായ ‘നീഡ് എ കേക്കി’ന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാമെന്നും കസ്റ്റമര്‍മാരെ ഉണ്ടാക്കിത്തരാമെന്നുമാണ് ഗ്രൂപ്പോണ്‍ എന്നെ വിശ്വസിപ്പിച്ചത്. ഫെബ്രുവരിക്കും ജൂലൈ മാസത്തിനും ഇടയില്‍ നീഡ് എ കേക്ക് ഉണ്ടാക്കുന്ന കപ്പ് കേക്കുകള്‍ക്ക് ഗ്രൂപ്പോണില്‍ ഡിസ്കൌണ്ട് പ്രഖ്യാപിക്കും എന്നായിരുന്നു ഉടമ്പടി. ഇതനുസരിച്ച് ഡിസ്കൌണ്ട് കൂപ്പണിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 12 കപ്പ് കേക്കുകള്‍ 6.50 പൌണ്ടിന് വാങ്ങാം. ഇതില്‍ 2.20 പൌണ്ട് ബേക്കറിക്ക് ലഭിക്കും. ബാക്കിയുള്ള തുക ഗ്രൂപ്പോണ്‍ എടുക്കും.”

"പ്ലാനൊക്കെ നല്ലതായിരുന്നു. ഒരു നൂറ് ഓര്‍ഡര്‍ വരും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഡിസ്‌കൌണ്ട് പരസ്യം വന്നയുടന്‍ 9,000 യൂസര്‍മാരാണ് നീഡ് എ കേക്കിന്റെ ഡിസ്‌കൌണ്ടിനായി രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഞാനും എന്റെ ജീവനക്കാരും അനുഭവിച്ചത് നരകയാതന ആയിരുന്നു. എട്ട് ജീവനക്കാര്‍ ഉണ്ടായിരുന്ന നീഡ് എ കേക്കിന് 25 പേരെക്കൂടി നിയമിക്കേണ്ടി വന്നു. ബേക്കറിലെ ഫോണ്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ അയല്‍ക്കാരെ കാലുപിടിച്ച് കൊണ്ടുവന്നിരുത്തി. രാവും പകലും ഞങ്ങള്‍ അധ്വാനിച്ചിട്ടും ഓര്‍ഡറിന്റെ കാല്‍ ഭാഗം പോലും കൊടുത്തുതീര്‍ക്കാന്‍ ആയില്ല."

“കാശ് കൊടുത്ത് ഓര്‍ഡര്‍ ചെയ്ത കേക്ക് കിട്ടാതായാല്‍ ആളുകള്‍ വെറുതെ ഇരിക്കുമോ? ചീത്തവിളി നിറഞ്ഞ മെയില്‍ ഞങ്ങള്‍ക്ക് വരാന്‍ തുടങ്ങി. ഫോണില്‍ തെറിവിളിയും തുടങ്ങി. അവസാനം ഗ്രൂപ്പോണിനെ വിളിച്ച് ഡിസ്‌കൌണ്ടില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു എന്ന് അറിയിപ്പ് കൊടുക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അവസാനം കണക്ക് നോക്കിയപ്പോഴാണ് എന്റെ കണ്ണ് തള്ളിപ്പോയത്. 12,500 പൌണ്ടാണ് ഈ പരസ്യം കൊണ്ട് ആവിയായിപ്പോയത്! ഡിസ്കൌണ്ടും അധിക ജീവനക്കാരെ വച്ചതും ഞങ്ങള്‍ക്ക് വയറ്റത്തടിയായി! ഗ്രൂപ്പോണിന്റെ പിടിപ്പുകേടാണിത്.” - റേച്ചല്‍ ബ്രൗണ്‍ പറയുന്നു.

ബ്രിട്ടണിലെ ചില പ്രദേശങ്ങളില്‍ മാത്രം ഡിസ്‌കൌണ്ട് പരസ്യം കാണിക്കാനാണ് താന്‍ പറഞ്ഞതെങ്കിലും സകലയിടത്തും ഗ്രൂപ്പോണ്‍ ഈ പരസ്യം കാണിച്ചു എന്നും പരസ്യം നല്‍‌കാന്‍ നിശ്ചയിച്ച തീയതിക്ക് മുമ്പുതന്നെ കാമ്പെയിന്‍ ആരംഭിച്ചെന്നും റേച്ചല്‍ ബ്രൗണ്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ എത്ര കസ്റ്റമര്‍മാര്‍ കൂടുതലായി വരും എന്ന് അളക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നല്‍‌കിയെങ്കിലും റേച്ചല്‍ അത് ഉപയോഗിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നകാരണമെന്ന് ഗ്രൂപ്പോണ്‍ പറയുന്നു. ഒപ്പം, യൂസര്‍മാര്‍ക്ക് ലഭിച്ച കേക്കിന് ഗുണനിലവാരം ഉണ്ടായിരുന്നില്ലെന്നും ഗ്രൂപ്പോണ്‍ കുറ്റപ്പെടുത്തുന്നു.

ഒലാന്‍ ഓക്‌സ്‌ലേഡ് എന്നൊരാള്‍ ബ്രിട്ടണിലെ പ്ലേഹാച്ചില്‍ ‘ഷോള്‍‌ഡര്‍ ഓഫ് മട്ടണ്‍’ എന്ന പേരില്‍ നടത്തുന്ന ചെറിയ പബിനും ഗ്രൂപ്പോണില്‍ നിന്ന് പണി കിട്ടിയിരുന്നു. മാര്‍ച്ച് മാസം വരെ ഷോള്‍‌ഡര്‍ ഓഫ് മട്ടണില്‍ സ്റ്റാര്‍ട്ടറിനും പ്രധാന ഭക്ഷണത്തിനും ഒരു ഗ്ലാസ് വൈനും 21.50 പൌണ്ട് നല്‍‌കിയാല്‍ മതിയെന്നായിരുന്നു പരസ്യം. പണമടച്ച് ഇവിടെ എത്തിയ ആയിരക്കണക്കിന് ആളുകള്‍ കണ്ടത് വെറും 15 മേശയാണ്. തുടര്‍ന്ന് ഇടം കിട്ടാന്‍ അടിയും പിടിയുമായി. ആളുകളുടെ ശല്യം സഹിക്ക വയ്യാതെ ഒലാന്‍ ഓക്‌സ്‌ലേഡ് തന്റെ പബ് അടച്ചുപൂട്ടിയത് ഈയടുത്ത ദിവസം വാര്‍ത്തയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :