ഓണ്‍‌ലൈനില്‍ ‘ആംഗ്രി അണ്ണ’ തകര്‍ക്കുന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ജനലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണാ ഹസാരെ രാം‌ലീല മൈതാനിയില്‍ നടത്തുന്ന നിരാഹാര സമരത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ? പിന്തുണയുമായി രാം‌ലീലയില്‍ എത്താന്‍ കഴിയാത്തതില്‍ ഖേദമുണ്ടോ? എങ്കില്‍ ‘ആംഗ്രി അണ്ണ’ എന്ന സൌജന്യ ഓണ്‍‌ലൈന്‍ ഗെയിമില്‍ കയറൂ, കളിച്ചു തകര്‍ക്കൂ!

കുട്ടികളുടെ ഇഷ്ട ഗെയിമായ ആംഗ്രി ബേര്‍ഡ്സിനെ അനുകരിച്ചാണ് രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച അപ്‌ലോഡ് ചെയ്ത ഈ ഗെയിം 24 മണിക്കൂര്‍ കൊണ്ട് 46,000 ഹിറ്റ്സ് ആണ് നേടിയത്. അണ്ണായുടെ ഒരു ജനപ്രീതിയേ!

ഹരിയാനയിലെ ഗുര്‍ഗാവിലുള്ള ഗീക്ക് മെന്റേര്‍സ് സ്റ്റുഡിയോസ് ആണ് ആംഗ്രി അണ്ണ ഗെയിം വികസിപ്പിച്ചത്. ഇതില്‍ ആംഗ്രി ബേഡ്സിലെ പോലെ തന്നെ അണ്ണായും, ബേദിയും, രാംദേവും അടങ്ങുന്ന കിളികളുടെ സംഘമാണ് ഒരു വശത്ത്. മറുവശത്താവട്ടെ, മന്മോഹന്‍സിംഗും മന്ത്രിസഭാംഗങ്ങളും. ഗെയിം കളിക്കുന്നതിലൂടെ അഴിമതിക്കെതിരെയുള്ള പോരാട്ടം എസി ഓഫീസുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും സാധിക്കുമെന്ന് ആംഗ്രി അണ്ണയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ട്വിറ്ററിലും ആംഗ്രി അണ്ണ തന്നെയായിരുന്നു ‘ഹോട്ട് ടോപിക്’. അവധിയെടുക്കാതെ അഴിമതിക്കെതിരെ പോരാടാന്‍ ആര്‍ക്കും ആംഗ്രി അണ്ണയെ സമീപിക്കാം, കാശ് ചെലവുമില്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :