ഞങ്ങൾ 4-5 വർഷമായി ഒരുമിച്ചു കളിക്കുന്നു, അവൻ എങ്ങനെ എനിക്കെതിരെ എറിയുമെന്ന് അറിയാമായിരുന്നു: പൃഥ്വി ഷാ

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (19:28 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ് പൃഥ്വി ഷാ. എങ്കിലും കഴിഞ്ഞ സീസണിൽ താരം തീർത്തും നിറം മങ്ങിയപ്പോൾ വലിയ വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്. എന്നാൽ വിമർശകരെ കൊണ്ട് കയ്യടിപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ഷാ പുറത്തെടുത്തത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 41 പന്തില്‍ 82 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്. ഇതില്‍ 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നു. ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തുകളും ബൗണ്ടറി നേടി താരം ഒരു അപൂർവ നേട്ടവും മത്സരത്തിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോളിതാ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം.

സത്യസന്ധമായി പറഞ്ഞാല്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെയാണ് കളിച്ചത്. മോശം ബോളിനായി കാത്തിരുന്നു. ശിവം മാവിയും ഞാനും ഒരുമിച്ച് 4-5 വര്‍ഷത്തോളം കളിച്ചിട്ടുള്ളതാണ്.ശിവം എനിക്കെതിരേ എവിടെയായിരിക്കും പന്തെറിയുകയെന്ന് എനിക്കറിയാമായിരുന്നു.ആദ്യ നാല് പന്ത് കഴിഞ്ഞപ്പോള്‍ ഒരു ഷോര്‍ട്ട് ബോള്‍ ഞാന്‍ പ്രതീക്ഷിച്ചു. അത് ഹെല്‍മറ്റിന് നേരെ വരുന്നതും കരുതിയാണ് ഞാന്‍ ഇരുന്നത്.എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവന്‍ ഒരു ഹാഫ് വോളി മാത്രമാണ് അപ്പോൾ എറിഞ്ഞത് പൃഥ്വി ഷാ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :