പൃഥ്വി ഷായുടെ കഴുത്തില്‍ പിടിച്ചു, കൈ പിടിച്ചു ഞെരിച്ചു; ഇത്ര വേണ്ടിയിരുന്നില്ലെന്ന് മാവിയോട് ആരാധകര്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (15:02 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ വിജയം സമ്മാനിച്ചത്. കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 154 റണ്‍സ് നേടിയപ്പോള്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16.3 ഓവറില്‍ ഡല്‍ഹി അത് മറികടന്നു. 41 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സാണ് ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ നേടിയത്.

തുടക്കം മുതലേ കൊല്‍ക്കത്തയെ അടിച്ചോടിക്കാനുള്ള തീരുമാനത്തിലായിരുന്നു പൃഥ്വി ഷാ. ആദ്യ ഓവര്‍ എറിയാനെത്തിയ കൊല്‍ക്കത്തയുടെ ശിവം മാവിയെ തുടര്‍ച്ചയായി ആറ് ഫോറുകളുമായി ഷാ പ്രഹരിച്ചു. ഒരു വൈഡ് കൂടി അടക്കം മാവിയുടെ ആദ്യ ഓവറില്‍ 25 റണ്‍സ് ഡല്‍ഹി സ്വന്തമാക്കി. ആദ്യ ഓവര്‍ കഴിയുമ്പോള്‍ ആറ് പന്തില്‍ 24 റണ്‍സ് എന്ന നിലയിലായിരുന്നു പൃഥ്വി ഷായുടെ വ്യക്തിഗത സ്‌കോര്‍. ഈ ഓവറിനു ശേഷം മാവിക്ക് പിന്നീട് ഒരു ഓവര്‍ പോലും എറിയാന്‍ ലഭിച്ചില്ല.

തന്റെ പന്തുകളെ നിഷ്‌കരുണം പ്രഹരിച്ച പൃഥ്വി ഷായെ മത്സരശേഷം മാവി വെറുതെ വിട്ടില്ല. ഹസ്തദാനത്തിനു എത്തിയ സമയത്ത് പൃഥ്വി ഷായുടെ കഴുത്തില്‍ പിടിക്കുകയും കൈകള്‍ പിടിച്ച് ഞെരുക്കുകയുമായിരുന്നു മാവി ചെയ്തത്. ഇരുവരും നല്ല സുഹൃത്തുക്കള്‍ ആണെങ്കിലും ഈ ചെയ്തത് കുറച്ച് കൂടി പോയില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മാവി കഴുത്തിലും കയ്യിലും പിടിച്ചു ഞെരുക്കുമ്പോള്‍ വേദനകൊണ്ട് പുളയുന്ന പൃഥ്വി ഷായെ കാണാം. ഈ വീഡിയോ ഐപിഎല്‍ ഒഫിഷ്യല്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.ലൂസ് ബോളുകള്‍ക്കായി താന്‍ കാത്തുനില്‍ക്കുകയായിരുന്നെന്നും അങ്ങനെയുള്ള ബോളുകള്‍ കിട്ടിയാല്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും മത്സരശേഷം പൃഥ്വി ഷാ പറഞ്ഞു. ശിവം മാവി എങ്ങനെ ബൗള്‍ ചെയ്യുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും അതുകൊണ്ട് തന്നെ ബൗണ്ടറി നേടാന്‍ ലക്ഷ്യമിട്ടാണ് ബാറ്റ് വീശിയതെന്നും ഷാ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :