നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 23 ഏപ്രില്‍ 2021 (10:53 IST)
വ്യാഴാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി. ഐപിഎല്ലില്‍ 6,000 റണ്‍സ് താണ്ടിയ ആദ്യ താരമായിരിക്കുകയാണ് കോലി. രാജസ്ഥാനെതിരെ 47 പന്തില്‍ നിന്ന് 72 റണ്‍സ് കോലി പുറത്താകാതെ നേടി. അര്‍ധ സെഞ്ചുറി നേടിയ ശേഷം കോലി നടത്തിയ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറിയാണ് കോലി വ്യാഴാഴ്ച നേടിയത്. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കോലി ബാറ്റുയര്‍ത്തി ഡഗ്ഔട്ടിലുള്ള ടീം അംഗങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് കോലി നല്‍കിയ ഫ്‌ളയിങ് കിസ് ആര്‍ക്കുള്ളതായിരുന്നു എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. കുഞ്ഞിനെ താരാട്ട് പാടുന്നതുപോലെ കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു കോലി. തന്റെ പൊന്നോമന മകള്‍ക്കായാണ് കോലി അര്‍ധ സെഞ്ചുറി സമര്‍പ്പിച്ചത്. മകള്‍ വാമികയ്ക്ക് അര്‍ധ സെഞ്ചുറി സമര്‍പ്പിച്ചാണ് കോലി ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തി 178 റണ്‍സ് വിജയലക്ഷ്യം വെറും 16.3 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയാണ് ബാംഗ്ലൂര്‍ മറികടന്നത്. ആറ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് കോലി 72 റണ്‍സ് നേടിയത്. കോലിക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് പടിക്കല്‍ 52 പന്തില്‍ നിന്ന് 101 റണ്‍സ് നേടി പുറത്താകാതെ നിന്നു. 11 ഫോറും ആറ് സിക്‌സും സഹിതമാണ് പടിക്കല്‍ സെഞ്ചുറി നേടിയത്.