നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (10:23 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തങ്ങളുടെ ഇഷ്ട ടീം തോറ്റെങ്കിലും ബാറ്റിങ്ങില്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷമാണ് ആരാധകര്‍ക്ക്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സിനാണ് കൊല്‍ക്കത്ത തോറ്റത്. ചെന്നൈ ഉയര്‍ത്തി 220 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.1 ഓവറില്‍ 202 റണ്‍സ് നേടി.
മുന്‍ കളികളിലെല്ലാം ബാറ്റ്‌സ്മാന്‍മാര്‍ വിചാരിച്ച അത്ര ഫോമിലേക്ക് ഉയരാത്തതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മാത്രമാണ് കൊല്‍ക്കത്ത ഇതുവരെ ജയിച്ചിട്ടുള്ളത്. ബാക്കി മൂന്ന് കളികളിലും തോറ്റു. മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ താരതമ്യേന ചെറിയ സ്‌കോര്‍ ആയ 153 മാത്രമായിരുന്നു കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. എന്നാല്‍, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുക്കാനേ കൊല്‍ക്കത്തയ്ക്ക് സാധിച്ചുള്ളൂ.
ആന്ദ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, ദിനേശ് കാര്‍ത്തിക് തുടങ്ങിയവര്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താത്തത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഇവര്‍ മൂവരും മികച്ച രീതിയില്‍ ബാറ്റ് വീശി. ഇത് കൊല്‍ക്കത്തയ്ക്ക് വലിയ ഊര്‍ജം നല്‍കുന്നുണ്ട്. നായകന്‍ ഓയിന്‍ മോര്‍ഗനും ഓപ്പണര്‍മാരായ നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും കൂടി ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തിയാല്‍ ഐപിഎല്ലിലെ മികച്ച ബാറ്റിങ് ലൈനപ്പുള്ള കൊല്‍ക്കത്തയ്ക്ക് ആശ്വസിക്കാം.