'ഒന്നു നില്‍ക്കാന്‍ എങ്കിലും ടൈം താ'; ഒരു പന്ത് പോലും നേരിടാതെ പുരാൻ ഔട്ട്, വാര്‍ണര്‍ ഷോ

നെല്‍വിന്‍ വില്‍സണ്‍| Last Updated: ബുധന്‍, 21 ഏപ്രില്‍ 2021 (17:53 IST)

എത്രയൊക്കെ പേരുകേട്ട താരങ്ങള്‍ ഉണ്ടെങ്കിലും കളിക്കളത്തില്‍ എത്തുമ്പോള്‍ കവാത്ത് മറക്കുന്ന ടീമാണ് പഞ്ചാബ് കിങ്‌സ്. 2020 ലെ ദുരന്തം ഈ സീസണിലും ആവര്‍ത്തിക്കുമെന്നാണ് പഞ്ചാബ് ആരാധകര്‍ അടക്കം കരുതുന്നത്. അത്ര മോശം തുടക്കമാണ് പഞ്ചാബിന് ഈ സീസണില്‍ ലഭിച്ചത്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ നടക്കുന്ന മത്സരത്തിലും പഞ്ചാബ് ദുരന്തം ആവര്‍ത്തിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 120 റണ്‍സിന് ഓള്‍ഔട്ടായി. കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം കൂടാരം കയറി. അതില്‍തന്നെ കരീബിയന്‍ താരമായ നിക്കോളാസ് പൂറാന്റെ പുറത്താകല്‍ ക്രിക്കറ്റ് ആരാധകരെ പോലും ഞെട്ടിച്ചു.

ഒരു ബോള്‍ പോലും നേരിടാതെയാണ് നിക്കോളാസ് പൂറാന്‍ കൂടാരം കയറിയത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നു സിംഗിളിനായി ഓടിയ പൂറാന്‍ പുറത്താകുകയായിരുന്നു. ആറാം ഓവറിന്റെ അവസാന പന്തിലാണ് മായങ്ക് അഗര്‍വാള്‍ പുറത്തായത്. അഗര്‍വാള്‍ പുറത്തായ ശേഷം നാലാമനായാണ് പൂറാന്‍ ക്രീസിലെത്തുന്നത്. മറുവശത്ത് ക്രിസ് ഗെയ്ല്‍ ഉണ്ട്. ഏഴാം ഓവറിന്റെ ആദ്യ പന്ത് നേരിടാന്‍ ക്രിസ് ഗെയ്ല്‍ എത്തി. പൂറാന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുന്നു.

ഏഴാം ഓവറിലെ ആദ്യ പന്ത് തന്നെ ക്രിസ് ഗെയ്ല്‍ സിംഗിളിനായി ശ്രമിച്ചു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് പൂറാനും ഓടി. ഗെയ്ല്‍ അടിച്ച പന്ത് കൃത്യമായി എത്തിയത് ഹൈദരബാദ് നായകന്‍ വാര്‍ണറുടെ കൈയില്‍. ത്രോയില്‍ അഗ്രഗണ്യനായ വാര്‍ണര്‍ ഡയറക്ട് ത്രോയിലൂടെ പൂറാനെ പുറത്താക്കി. ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള റണ്‍ഔട്ടായിരുന്നു അത്. ഒരു പന്ത് പോലും നേരിടാന്‍ സാധിക്കാതെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂറാന്‍ കൂടാരം കയറുകയും ചെയ്തു.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :