കൊല്‍ക്കത്തയ്ക്ക് ക്യാപ്റ്റന്‍ ശാപം; മോര്‍ഗനും പുറത്തേക്ക്?

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (12:49 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന്റെ പ്രകടനം ചോദ്യം ചെയ്യപ്പെടുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ മോര്‍ഗന്‍ തികഞ്ഞ പരാജയമാണെന്നാണ് കൊല്‍ക്കത്ത ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്. ഈ സീസണില്‍ കൊല്‍ക്കത്തയുടെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇതില്‍ ഒരു കളി മാത്രമാണ് കൊല്‍ക്കത്ത ജയിച്ചത്.

ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം മോര്‍ഗന് തന്നെയാണെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. മോര്‍ഗന്‍ മികച്ച ടി 20 ക്യാപ്റ്റന്‍ അല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ക്യാപ്റ്റന്‍ ശാപം വിടാതെ പിന്തുടരുകയാണ് കൊല്‍ക്കത്തയെ. കഴിഞ്ഞ സീസണിലും ഇതു തന്നെയായിരുന്നു അവസ്ഥ. ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ദിനേശ് കാര്‍ത്തിക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയായിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റിങ്ങിലും കാര്‍ത്തിക് മോശം പ്രകടനമാണ് ആദ്യ മത്സരങ്ങളില്‍ നടത്തിയത്. ഇതേ തുടര്‍ന്നാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ കാര്‍ത്തിക് സന്നദ്ധത അറിയിച്ചത്. ഫ്രാഞ്ചൈസി ഇത് അംഗീകരിക്കുകയും കാര്‍ത്തിക്കിനു പകരം മോര്‍ഗനെ ക്യാപ്റ്റനാക്കുകയും ചെയ്തു.

ഈ സീസണില്‍ മോര്‍ഗന്റെ പ്രകടനവും ഏറെ നിരാശപ്പെടുത്തുന്നു. ക്യാപ്റ്റന്‍സിയും ബാറ്റിങ്ങിലും മോര്‍ഗന് ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ നാല് കളികളില്‍ നിന്ന് മോര്‍ഗന്‍ ആകെ നേടിയിരിക്കുന്നത് 45 റണ്‍സ് മാത്രമാണ്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കാത്തതും മോര്‍ഗനെ പിന്നോട്ടടിക്കുന്നു.

മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആരാധകര്‍ അടക്കം ഫ്രാഞ്ചൈസിയെ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, മോര്‍ഗന് പകരം ഇനി ആരെ നായകനാക്കും എന്നതാണ് കൊല്‍ക്കത്തയുടെ തലവേദന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :