"ഇത് നീതികേടാണ് ഹൈദരാബാദ്" നിങ്ങളുടെ ഷെൽഫിൽ ഇരിക്കുന്ന ഒരേയൊരു ട്രോഫിക്ക് പിന്നിൽ അയാളുടെ വിയർപ്പാണ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 മെയ് 2021 (15:56 IST)
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിദേശ താരങ്ങളുടെ പട്ടികയിൽ മുൻ നിരയിലാണ് ഡേവിഡ് വാർണറുടെ സ്ഥാനം. 2014 മുതൽ തുടർച്ചയായി ഓരോ ഐപിഎ‌ൽ സീസണുകളിലും 500ന് മുകളിൽ റൺസ് നേടി ഹൈദരാബാദ് ടീമിന്റെ നെടുന്തൂൺ ആയി മാറിയ താരത്തിനെ പക്ഷേ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന സമീപനമാണ് ഹൈദരാബാദ് മാനേജ്‌മെന്റ് ഇപ്പോൾ എടുത്തിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ വാട്ടർ ബോയ് എന്ന നിലയിൽ ഗ്രൗണ്ടിൽ വാർണറെ കാണേണ്ടി വന്നത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ വേദന തന്നെയാണ് സൃഷ്‌ടിച്ചത്. തന്റെ കഴിവിനപ്പുറം തന്നിട്ടും ഒരു സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ തഴയപ്പെടേണ്ട താരമല്ല എന്നത് തന്നെ അതിന് കാരണം.

ഐപിഎല്ലിൽ 5000 റൺസ് തികച്ച ആറ് കളിക്കാർ മാത്രമാണുള്ളത്. ചരിത്രത്തിലെ റൺസ് വേട്ടക്കാരിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക്‌റേറ്റിൽ ഡിവില്ലിയേഴ്‌സിനും ക്രിസ് ഗെയ്‌ലിനും മാത്രം പിന്നിലാണ് വാർണർ. സ്ഥിരമായി ഹൈദരാബാദിനായി റൺസ് ഒഴുക്കിയ വാർണറുടെ ബാറ്റിൽ നിന്നും ഓരോ സീസണിലും വന്നത് 500ലധികം റൺസ്. മോശം ഫോം എന്ന് പറഞ്ഞ് മാറ്റി നിർത്തപ്പെടുന്ന ഈ വർഷം 6 ഇന്നിങ്സുകളിൽ നിന്നും വാർണർ നേടിയത് 193 റൺസാണ്.

2014 മുതലുള്ള വർഷങ്ങളിൽ 528, 562, 848, 641, 692, 548 എന്നിങ്ങനെയാണ് വാർണറുടെ ഓരോ ഐപിഎൽ സീസണുകളിലെയും പ്രകടനം. ഹൈദരാബാദ് തങ്ങളുടെ ഒരേയൊരു ഐപിഎൽ കിരീടം നേടിയ 2016ൽ 17 മത്സരങ്ങളിൽ നിന്നും 7 അർധസെഞ്ചുറികളടക്കം 60 റൺസ് ശരാശരിയിൽ 848 റൺസാണ് താരം അടിച്ചെടുത്തത്.

ടീമിന്റെ മധ്യനിരയുടെ പരാജയത്തിന്റെ പേരിൽ ടീമിന്റെ എക്കാലത്തെയും വിശ്വസ്‌തനും ശക്തനുമായ ഡേവിഡ് വാർണറെ ഹൈദരാബാദ് തഴയുമ്പോൾ ആരാധകർ തങ്ങളുടെ ടീമിനെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്. ഈ അപമാനം വാർണർ അർഹിക്കുന്നില്ല. നിങ്ങളുടെ ഷെൽഫിൽ ഇരിക്കുന്ന ഒരേയൊരു ട്രോഫിയുണ്ടല്ലോ, അത് ഈ മനുഷ്യന്റെ ചോരയുടെ നിറമുള്ള വിയർപ്പിന്റെ ഫലമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :