എമർജിങ് പ്ലയറായി ദേവ്‌ദത്ത്, ഓറഞ്ച് ക്യാപ് രാഹുലിന്, റബാഡയ്‌ക്ക് പർപ്പിൾ ക്യാപ്

അഭിറാം മനോഹർ| Last Modified ബുധന്‍, 11 നവം‌ബര്‍ 2020 (12:06 IST)
ഐപിഎൽ പതിമൂന്നാം സീസണിൽ എമർജിങ് പ്ലയറായി മലയാളി താരം ദേവ്‌ദത്ത് പടിക്കൽ. ഈ സീസണിൽ ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ച മലയാളി താരമായ ദേവ്‌ദത്ത് 15 ഇന്നിങ്സുകളിൽ നിന്നായി അഞ്ച് അർധസെഞ്ചുറികളടക്കം 473 റൺസാണ് സ്വന്തമാക്കിയത്. വിരാട് കോലിയടക്കമുള്ള ബാറ്റിങ് പ്രതിഭകളുള്ള ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ദേവ്ദത്താണ്.

അതേസമയം ടൂർണമെന്റിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായി രാജസ്ഥാന്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ 14 മത്സരങ്ങളിൽ നിന്നായി 20 വിക്കറ്റുകൾ താരം നേടിയിരുന്നു. 175 ഡോട്ട് ബോളുകളാണ് താരം എറിഞ്ഞത്. അതേസമയം ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയതിനുള്ള ഓറഞ്ച് ക്യാപ് പഞ്ചാബ് നായകൻ സ്വന്തമാക്കി.14 ഇന്നിങ്സുകളില്‍ നിന്ന് 55.83 ശരാശരിയില്‍ 670 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സെഞ്ചുറിയും 5 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.

അതേസമയം കൂടുതല്‍ വിക്കറ്റ് നേടിയവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ സ്വന്തമാക്കി. 17 മത്സരങ്ങളിൽ നിന്നായി 30 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. പവര്‍ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരം ട്രെന്റ് ബോൾട്ടും കൂടുതൽ സിക്‌സറുകൾ എന്ന നേട്ടം മുംബൈയുടെ തന്നെ ഇഷാൻ കിഷനും സ്വന്തമാക്കി. മുംബൈ ഇന്ത്യൻസിനാണ് ഫെയർ പ്ലേ പുരസ്‌കാരവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :