കടുത്ത രജനികാന്ത് ആരാധകന്‍, ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി വേണ്ടന്നുവച്ച് ക്രിക്കറ്റിലേക്ക്; ആരാണ് വെങ്കടേഷ് അയ്യര്‍

രേണുക വേണു| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (09:27 IST)

ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിമര്‍ശകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. യുവ താരങ്ങളുടെ പോരാട്ടവീര്യത്തിന്റെ ബലത്തില്‍ ശക്തരായ മുംബൈ ഇന്ത്യന്‍സിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും കൊല്‍ക്കത്ത തോല്‍പ്പിച്ചു.

കൊല്‍ക്കത്തയുടെ വിജയക്കുതിപ്പില്‍ 26 കാരന്‍ വെങ്കടേഷ് അയ്യരുടെ പ്രകടനമാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. 1994 ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് വെങ്കടേഷ് അയ്യര്‍ ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ വെങ്കടേഷ് ക്രിക്കറ്റിനെ സ്‌നേഹിച്ചിരുന്നു. വെങ്കടേഷിന്റെ അമ്മ ഇക്കാര്യത്തില്‍ വലിയ പ്രചോദനം നല്‍കിയിട്ടുണ്ട്.

പഠനത്തില്‍ വളരെ ബ്രില്ല്യന്റ് വിദ്യാര്‍ഥിയായിരുന്നു വെങ്കടേഷ് അയ്യര്‍. ഐഐടിയില്‍ നിന്ന് ഡിഗ്രി നേടിയ വെങ്കടേഷ് അയ്യര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാന്‍ പരിശീലിച്ചിരുന്നു. ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്കോടെ വിജയിച്ചു. എന്നാല്‍, സിഎ ഫൈനല്‍ പരീക്ഷ വെങ്കടേഷ് എഴുതിയില്ല. സിഎ ഫൈനല്‍സിന് തയ്യാറെടുക്കണമെങ്കില്‍ ക്രിക്കറ്റ് മോഹം ഉപേക്ഷിക്കേണ്ടിവരുമെന്ന് താരം ഭയപ്പെട്ടിരുന്നു. പിന്നീട് ഫിനാന്‍സില്‍ എംബിഎ പൂര്‍ത്തിയാക്കി.

അക്കാദമിക് കാര്യങ്ങളില്‍ വളരെ ബ്രില്ല്യന്റ് ആയതിനാല്‍ എംബിഎ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ വെങ്കടേഷ് അയ്യരെ തേടി മികച്ച ജോലി അവസരങ്ങളും എത്തി. മുംബൈയിലെ ഒരു മള്‍ട്ടിനാഷണല്‍ അക്കൗണ്ടിങ് സ്ഥാപനത്തില്‍ വെങ്കടേഷിന് ജോലി ലഭിച്ചതാണ്. തുടക്കത്തില്‍ ലക്ഷങ്ങളാണ് ഈ കമ്പനി ഓഫര്‍ ചെയ്തത്. എന്നാല്‍, ഭാവി ക്രിക്കറ്റിലാണെന്ന് വെങ്കടേഷ് മനസില്‍ ഉറപ്പിച്ചിരുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 146 പന്തില്‍ നിന്ന് 198 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സയദ് മുഷ്താഖ് അലി ടി 20 യില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 227 റണ്‍സും വെങ്കടേഷ് അയ്യര്‍ നേടിയിരുന്നു. ആറാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്ന വെങ്കടേഷ് അയ്യര്‍ക്ക് ഓപ്പണര്‍ ആകാന്‍ അവസരമൊരുക്കിയത് പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് ആണ്. ആഭ്യന്തര മത്സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയതോടെ വെങ്കടേഷ് അയ്യരുടെ ക്രിക്കറ്റ് ഭാവിയും തെളിഞ്ഞു. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അനലിസ്റ്റ് എ.ആര്‍.ശ്രീകാന്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെയാണ് വെങ്കടേഷ് അയ്യരെ മുംബൈയിലേക്ക് വിളിപ്പിക്കുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാകാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷ് അയ്യര്‍ക്ക് അവസരം നല്‍കുകയായിരുന്നു. കടുത്ത രജനികാന്ത് ആരാധകന്‍ കൂടിയാണ് വെങ്കടേഷ് അയ്യര്‍. താനൊരു രജനികാന്ത് ഭക്തനാണെന്നാണ് ഒരു അഭിമുഖത്തില്‍ വെങ്കടേഷ് അയ്യര്‍ പറഞ്ഞിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :