ഐപിഎൽ ചരിത്രത്തിൽ ആദ്യം, കൊൽ‌ക്കത്തയ്ക്കെതിരെ മാത്രം 1000 റൺസ്, റെക്കോഡ് നേട്ടവുമായി രോഹിത്

അഭിറാം മനോഹർ| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (20:45 IST)
ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻ‌സ് നായകൻ രോഹിത് ശർമ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരാ‌യ മത്സരത്തിൽ 12 റൺസ് പിന്നിട്ടപ്പോളാണ് ഐപിഎല്ലിൽ കൊൽക്കത്തക്കെതിരെ മാത്രം 1000 റൺസെന്ന നാഴികക‌ല്ല് രോഹിത് പിന്നിട്ടത്.

ഐപിഎല്‍ ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഒരു ബാറ്റര്‍ 1000 റണ്‍സ് തികക്കുന്നത് ഇതാദ്യമാണ്. കൊല്‍ക്കത്തക്കെതിരെ കളിച്ച 34 മത്സരങ്ങളിലെ 29 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം.പഞ്ചാബ് കിംഗ്സിനെതിരെ 943 റണ്‍സ് നേടിയിട്ടുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറാണ് ഏതെങ്കിലും ഒരു ടീമിനെതിരായ റൺവേട്ടയിൽ രോഹിത്തിന് പിന്നിൽ രണ്ടാമതുള്ളത്. അതേസയം കൊൽക്ക‌ത്തയ്ക്കെതിരെ 915 റൺസും വാർണർ നേടിയിട്ടുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 909 റണ്‍സ് നേടിയിട്ടുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് വാര്‍ണര്‍ക്ക് പിന്നിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംസ്ഗിനെതിരെ കോലി 895 റണ്‍സടിച്ചിട്ടുണ്ട്.
പഞ്ചാബ് കിംഗ്സിനെതിരെ ശിഖര്‍ ധവാന്‍ 894 റണ്‍സ് നേടിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 823 റണ്‍സടിച്ചിട്ടുള്ള എം എസ് ധോണി ഇവര്‍ക്ക് പിന്നിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :