അവന്‍ ഇതുവരെ ഒരു പാഠം പഠിച്ചിട്ടില്ല; ശിവം ദുബെയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍

രേണുക വേണു| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (20:54 IST)

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ശിവം ദുബെയ്‌ക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 19-ാം ഓവര്‍ എറിഞ്ഞ ദുബെ 25 റണ്‍സ് വിട്ടുകൊടുത്തു. ലഖ്‌നൗ ജയിക്കാന്‍ കാരണമായത് ഈ ഒരൊറ്റ ഓവറാണ്. നിര്‍ണായക സമയത്ത് ദുബെ മോശം രീതിയിലാണ് ചെന്നെ സൂപ്പര്‍ കിങ്‌സിന് വേണ്ടി പന്തെറിഞ്ഞതെന്ന് ഗവാസ്‌കര്‍ വിമര്‍ശിച്ചു.

'പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കുറച്ച് കളിച്ച അനുഭവം ശിവം ദുബെയ്ക്കുണ്ട്. എന്നിട്ടും പിന്നെയും പിന്നെയും ലെങ്ത് ബോളുകള്‍ എറിഞ്ഞിട്ടുകൊടുക്കുന്നു. അടിച്ചുകളിക്കാനുള്ള തീരുമാനത്തോടെ ഒരു ബാറ്റര്‍ നില്‍ക്കുമ്പോള്‍ നിര്‍ണായകമായ 19-ാം ഓവര്‍ അതുവരെ ബൗള്‍ ചെയ്യാത്ത ഒരാള്‍ക്ക് കൊടുക്കുന്നത് ഉചിതമായ തീരുമാനമല്ല. സ്ലോവര്‍ ഡെലിവറിയാണ് ദുബെ എറിഞ്ഞത്. ടേണിങ് ഉള്ളതും വരണ്ടതുമായ പിച്ചില്‍ സ്ലോവര്‍ ബോളുകള്‍ നല്ലതാണ്. എന്നാല്‍, പന്ത് കൃത്യമായി ബാറ്റിലേക്ക് എത്തുന്ന ബാറ്റിങ് പിച്ചുകളില്‍ സ്ലോവര്‍ എറിയുന്നത് ശരിയല്ല. ബൗളര്‍മാരെ ഉപയോഗിക്കുന്നതിനെ കുറിച്ച് ചെന്നൈ എടുത്ത എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നു. ബാറ്റിങ് പിച്ചില്‍ ലെങ്ത് ബോള്‍ എറിഞ്ഞു. ശിവം ദുബെ ഇതുവരെ പാഠം പഠിച്ചിട്ടില്ല,' ഗവാസ്‌കര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :