അഭിറാം മനോഹർ|
Last Modified ഞായര്‍, 3 ഒക്‌ടോബര്‍ 2021 (09:48 IST)
ഐപിഎല്ലിൽ വമ്പൻ റൺസുകൾ പിറന്ന ത്രില്ലർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 7 വിക്കറ്റിന് മലർത്തിയടിച്ച് രാജസ്ഥാൻ റോയൽസ്. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിർത്താനും രാജസ്ഥാനിനായി. മത്സരത്തിൽ ചെന്നൈ മുന്നോട്ട് വെച്ച 190 റൺസ് എന്ന വിജയലക്ഷ്യം 2.3 ഓവറുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്. രാജസ്ഥാനായി യശ്വസി ജയ്‌സ്‌വാളും ശിവം ദുബെയും അർധസെഞ്ചുറികൾ നേടി.
മറുപടി ബാറ്റിംഗില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. തലങ്ങും വിലങ്ങും ബൗണ്ടറികളുമായി മൈതാനം കയ്യേറിയ യശ്വസി ജെയ്സ്വാൾ എവിൻ ലൂയിസ് ഓപ്പണിങ് സഖ്യം 5.2 ഓവറിൽ നേടിയത് 77 റൺസ്. ലൂയിസ് 12 പന്തിൽ നേടിയത് 27 റൺസ്.
എവിൻ ലൂയിസ് മടങ്ങിയതിന് പിന്നാലെ യശ്വസി ജയ്‌സ്വാൾ കൂടി മടങ്ങിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലാവുമെന്ന് തോന്നിച്ചുവെങ്കിലും ജയ്സ്വാൾ നിർത്തിയിടത്ത് നിന്ന് തുടങ്ങുന്ന ശിവം ദുബെയാണ് പിന്നീട് കാണാനായത്. സഞ്ജു സാംസണും ശിവം ദുബെയും ചേര്‍ന്ന് 9-ാം ഓവറില്‍ രാജസ്ഥാനെ 100 കടത്തി. 13 ഓവറില്‍ 150 ഉം പിന്നിടാൻ രാജസ്ഥനായി. 32 പന്തിൽ 50 തികച്ച ദുബെ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചതോടെ സഞ്ജു സാംസൺ ആങ്കർ റോളിലേക്ക് മാറുകയായിരുന്നു.
24 പന്തിൽ 28 റൺസുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പുറത്താവുമ്പോഴേക്കും രാജസ്ഥാൻ വിജയമുറപ്പിച്ചിരുന്നു. അവസാനമെത്തിയ ഗ്ലെൻ ഫിലിപ്‌സും (8 പന്തിൽ 14) മികച്ച പ്രകടനം കാഴ്‌ച്ചവെച്ചതോടെ രാജസ്ഥാൻ അനായാസകരമായാണ് മത്സരം സ്വന്തമാക്കിയത്. ശിവം ദുബെ 42 പന്തിൽ 64 റൺസെടുത്തു.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. 60 പന്തില്‍ 101*എടുത്ത റുതുരാജ് ഗെയ്‌ക്ക്‌വാദും 15 പന്തിൽ 32 റൺസുമായയി തിളങ്ങിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമാണ് ചെന്നൈയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
രാജസ്ഥാനായി രാഹുല്‍ തെവാട്ടിയ മൂന്നും ചേതന്‍ സക്കരിയ ഒന്നും വിക്കറ്റ് വീഴ്‌ത്തി.