അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (12:26 IST)
Shreyas Iyer Shashank singh
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി പഞ്ചാബിനെ 11 വര്‍ഷത്തിന് ശേഷം ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ തവണ കെകെആര്‍ നായകനെന്ന നിലയില്‍ സ്വന്തമാക്കിയ കിരീടമാണ് ഇത്തവണ പഞ്ചാബിനൊപ്പം ശ്രേയസ് സ്വപ്നം കാണുന്നത്. മുംബൈക്കെതിരെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ശ്രേയസ് തന്നെയാണ് ടീമിന് ഫൈനല്‍ പ്രവേശനം നേടികൊടുത്തത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ പ്രഭ് സിമ്രാന്‍, പ്രിയാന്‍ഷ് ആര്യ എന്നിവരുടെ വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായിരുന്നു. 21 പന്തില്‍ 38 റണ്‍സുമായി ജോഷ് ഇംഗ്ലീഷ് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയെങ്കിലും നാലാം വിക്കറ്റില്‍ ഒന്നിച്ച നേഹാല്‍ വധേര- ശ്രേയസ് അയ്യര്‍ കൂട്ടുക്കെട്ടാണ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. എന്നാല്‍ മത്സരത്തിലെ 16മത്തെ ഓവറില്‍ 48 റണ്‍സെടുത്ത നേഹാല്‍ വധേരയുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. ഈ സമയത്തും പഞ്ചാബ് ശക്തമായ നിലയിലായിരുന്നുവെങ്കിലും തൊട്ടടുത്ത ഓവറില്‍ ശശാങ്ക് സിംഗ് റണ്ണൗട്ടായി.
മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് അതിവേഗ സിംഗിളിന് ശ്രമിക്കവെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോയില്‍ ശശാങ്ക് പുറത്തായത്. ശശാങ്ക് അല്പം കൂടെ വേഗതയില്‍ ഓടുകയോ ഡൈവ് ചെയ്യാന്‍ ശ്രമം നടത്തുകയോ ചെയ്താല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇരിക്കാമായിരുന്നു. എന്നാല്‍ സമയമെടുത്ത് ഓടി ശശാങ്ക് തന്റെ വിക്കറ്റ് കളഞ്ഞുകുളിച്ചു. നേഹാല്‍ വധേരയ്ക്ക് തൊട്ടുപിന്നാലെ ശശാങ്ക് കൂടി മടങ്ങിയതോടെ മുംബൈയ്ക്ക് മത്സരത്തില്‍ തിരിച്ചെത്താനുള്ള വാതില്‍ തുറന്നിടുക കൂടി ചെയ്തു.
ഇതിന് പിന്നാലെ ജസ്പ്രീത് ബുമ്രയെറിഞ്ഞ പതിനെട്ടാം ഓവറില്‍ 8 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ഇതോടെ അവസാന രണ്ടോവറില്‍ 23 റണ്‍സ് വേണം വിജയിക്കാന്‍ എന്ന നിലയിലായി. അശ്വിനികുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് ശ്രേയസ് ഒറ്റയ്ക്ക് പഞ്ചാബിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിലെ ശശാങ്കിന്റെ അലസമായ സമീപനം ശ്രേയസിനെ ശരിക്കും ചൊടുപ്പിച്ചു. മത്സരശേഷം കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ ശശാങ്കിനെ കണ്ട ശ്രേയസ് താരത്തിന്റെ അലസതയെ ശക്തമായി ശകാരിക്കുകയും ചെയ്തു. താരത്തിന് കൈ കൊടുക്കാനും ശ്രേയസ് തയ്യാറായില്ല.