കളി ജയിച്ച ശ്രേയസ് അയ്യര്‍ക്ക് 24 ലക്ഷം പിഴ, തോറ്റ ഹാര്‍ദിക്കിനു 30 ലക്ഷം; പഞ്ചാബ് - മുംബൈ മത്സരത്തില്‍ സംഭവിച്ചത്

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പിഴ ചുമത്തിയത്

MI, IPL, Punjab Kings, Mi vs Punjab, Shreyas Iyer Hardik Pandya fined
രേണുക വേണു| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (11:11 IST)
Shreyas Iyer and Hardik Pandya

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഏറ്റുമുട്ടിയ മുംബൈ ഇന്ത്യന്‍സ് - പഞ്ചാബ് കിങ്‌സ് നായകന്‍മാര്‍ക്കു പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതാണ് ഇരു നായകന്‍മാര്‍ക്കും പിഴ ലഭിക്കാന്‍ കാരണം.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പിഴ ചുമത്തിയത്. 24 ലക്ഷം രൂപയാണ് ശ്രേയസ് പിഴയടയ്‌ക്കേണ്ടത്. മറ്റു പഞ്ചാബ് താരങ്ങള്‍ ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) പിഴയൊടുക്കണം. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ പഞ്ചാബ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നടപടി നേരിടേണ്ടി വരുന്നത്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കുറഞ്ഞ ഓവര്‍ നിരക്ക് വിനയായി. 30 ലക്ഷമാണ് പാണ്ഡ്യ പിഴയൊടുക്കേണ്ടത്. മുംബൈ ടീമിലെ മറ്റു താരങ്ങള്‍ 12 ലക്ഷമോ മാച്ച് ഫീയുടെ 50 ശതമാനമോ (ഏതാണ് കുറവ്) പിഴ അടയ്‌ക്കേണ്ടി വരും. മുംബൈ മൂന്നാം തവണയാണ് ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നടപടി നേരിടുന്നത്.

അതേസമയം ക്വാളിഫയര്‍ 2 വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചാണ് പഞ്ചാബ് കിങ്സ് ഇത്തവണ ഫൈനല്‍ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് കിങ്സ് ഒരോവറും അഞ്ച് വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യം കണ്ടു. 41 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും സഹിതം പുറത്താകാതെ 87 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :