തോറ്റ മത്സരങ്ങളിൽ പോലും ഒരു ഫൈറ്റ് രാജസ്ഥാൻ നടത്തിയിരുന്നു, ചെന്നൈയ്ക്കെതിരെ ജയിക്കാനുള്ള ശ്രമം പോലുമുണ്ടായില്ല

Rajasthan Royals,IPL
അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 മെയ് 2024 (12:35 IST)
Rajasthan Royals,IPL
ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രം പരാജയപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ മുന്നേറിയത്. അവസാന പന്ത് വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തിലായിരുന്നു ഈ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള തോല്‍വിയും ഏകദേശം സമാനമായ തരത്തിലായിരുന്നു. ഡല്‍ഹിക്കെതിരെ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസന്റെ നേതൃത്വത്തില്‍ മികച്ച പോരാട്ടം തന്നെ നടത്തിയായിരുന്നു രാജസ്ഥാന്‍ പരാജയം സമ്മതിച്ചത്.


അതിനാല്‍ തന്നെ സീസണിലെ ഈ മൂന്ന് തോല്‍വികളില്‍ ആരാധകര്‍ നിരാശരായിരുന്നില്ല. പൊരുതി നോക്കി കിട്ടിയില്ല എന്ന വികാരമായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ ചെന്നൈക്കെതിരെ ഒരു പോരാട്ടം പോലും കാഴ്ചവെയ്ക്കാതെ രാജസ്ഥാന്‍ കീഴടങ്ങിയത് ആരാധകരെ നിരാശരാക്കുന്നത്. ടൂര്‍ണമെന്റില്‍ കപ്പ് നേടാന്‍ സാധ്യതയുള്ള ഒരു സംഘത്തില്‍ നിന്നും ഇത്തരമൊരു പ്രകടനമല്ല തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു. പവര്‍ പ്ലേയില്‍ ഒച്ചിഴയുന്ന വേഗത്തിലാണ് ജയ്‌സ്വാളും ബട്ട്ലറും കളിച്ചത്.


പവര്‍ പ്ലേയില്‍ 25-20 റണ്‍സ് ഷോര്‍ട്ടായാണ് രാജസ്ഥാന്‍ അവസാനിപ്പിച്ചത്. ഈ കുറവ് ഒരു ഘട്ടത്തിലും നികത്താന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ സ്‌കോര്‍ വെറും 141 റണ്‍സില്‍ ഒതുങ്ങി. അവസാന ഓവറുകളില്‍ വിക്കറ്റ് കൈവശമിരുന്നിട്ടും സ്‌കോര്‍ ഉയര്‍ത്താനായില്ല. ബൗളിംഗില്‍ പവര്‍പ്ലേയില്‍ ഒരു വിക്കറ്റെടുക്കാന്‍ സാധിച്ചെങ്കിലും രചിന്‍ രവീന്ദ്രയില്‍ നിന്നും റണ്‍സ് വന്നതോടെ ചെന്നൈയെ പിടിച്ചുകെട്ടാന്‍ സാധിക്കാതെ വരുകയും ചെയ്തു. പോരാളികളുടെ ശരീരഭാഷ ഒരു ഘട്ടത്തിലും രാജസ്ഥാന്‍ കാണിച്ചില്ല എന്നതാണ് തോല്‍വിയേക്കാളും രാജസ്ഥാന്‍ ആരാധകരെ നിരാശരാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :