അഭിറാം മനോഹർ|
Last Modified ഞായര്‍, 12 മെയ് 2024 (17:18 IST)
ഐപിഎല്ലില്‍ രാജസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് 141 റണ്‍സിന് തളച്ചിട്ട് ചെന്നൈ ബൗളര്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ ആദ്യ വിക്കറ്റ് ഏഴാമത് ഓവറില്‍ മാത്രമാണ് നഷ്ടമായത്. എന്നാല്‍ ഈ സമയം സ്‌കോര്‍ബോര്‍ഡില്‍ വെറും 43 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാനുണ്ടായിരുന്നത്. യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്ട്ലര്‍ എന്നിങ്ങനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന ബാറ്റര്‍മാരുണ്ടായിട്ടും 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്തിട്ടും വെറും 141 റണ്‍സിന് രാജസ്ഥാന്‍ പുറത്തായതിനെ സമൂഹമാധ്യമങ്ങള്‍ മറ്റൊരു തരത്തിലാണ് കാണുന്നത്.
ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കമില്ലെന്നറിഞ്ഞിട്ടും രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള റിസ്‌ക് എടുക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഭാഗത്തും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം രാജസ്ഥാന്‍ ബാറ്റര്‍മാരില്‍ നിന്നും ഉണ്ടായില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. യശ്വസി ജയ്‌സ്വാള്‍ 21 പന്തില്‍ നിന്നും 24 റണ്‍സും ബട്ട്ലര്‍ 25 പന്തില്‍ നിന്നും 21 റണ്‍സും നേടിയാണ് പുറത്തായത്. നായകന്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ നിന്നും 15 റണ്‍സ് മാത്രമാണ് നേടിയത്.
രാജസ്ഥാന്‍ തുടക്കം മുതല്‍ മത്സരം വിജയിക്കാനുള്ള ആത്മാര്‍ഥതയോടെയല്ല കളിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്. ധോനിയുടെ അവസാന ഐപിഎല്‍ എന്ന് കരുതപ്പെടുന്ന ഈ സീസണില്‍ ചെന്നൈ പ്ലേ ഓഫ് കളിക്കണമെങ്കില്‍ ഇനിയുള്ള 2 മത്സരങ്ങളിലും വിജയിക്കേണ്ടതുണ്ട്. ധോനിയുടെ വിടവാങ്ങല്‍ സീസണ്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ ചെന്നൈയിലാണ് ഇത്തവണ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ പ്ലേ ഓഫില്‍ ചെന്നൈ എത്താത്ത അവസ്ഥ വന്നാല്‍ അത് ഐപിഎല്ലിനെ തന്നെ ബാധിക്കുമെന്നാണ് ആരാധകരില്‍ ഒരു ഭാഗം പറയുന്നത്. ചെന്നൈയെ പ്ലേ ഓഫിലെത്തിക്കാനുള്ള നാടകത്തില്‍ രാജസ്ഥാനും പങ്കുചേര്‍ന്നതായി പറഞ്ഞുകൊണ്ടുള്ള ഫിക്‌സിംഗ് ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.