രേണുക വേണു|
Last Modified തിങ്കള്‍, 13 മെയ് 2024 (10:32 IST)
IPL 2024 Play off: ഐപിഎല്‍ 2024 പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി നടക്കാന്‍ പോകുന്ന ഓരോ മത്സരങ്ങളും അതീവ നിര്‍ണായകവും. രണ്ട് ടീമുകള്‍ മാത്രമാണ് ഇതുവരെ പ്ലേ ഓഫ് കാണാതെ പുറത്തായത്, മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും ! ബാക്കി എട്ട് ടീമുകള്‍ക്കും ഇപ്പോഴും പ്ലേ ഓഫ് സാധ്യത മുന്നിലുണ്ട്. പ്ലേ ഓഫില്‍ കയറാന്‍ ഓരോ ടീമിനും ഇനി എന്താണ് വേണ്ടതെന്ന് നോക്കാം:
1. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - Kolkata Knight Riders
ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമാണ് കൊല്‍ക്കത്ത. 12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്‍പത് ജയത്തോടെ 18 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ തോറ്റാലും പ്ലേ ഓഫ് കളിക്കും.
2. രാജസ്ഥാന്‍ റോയല്‍സ് - Rajasthan Royals
12 കളികളില്‍ നിന്ന് എട്ട് ജയത്തോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍. ശേഷിക്കുന്ന രണ്ട് കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ പോലും രാജസ്ഥാന്‍ പ്ലേ ഓഫ് കളിക്കും. അതല്ല രണ്ട് കളികളിലും തോല്‍ക്കുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുടെ ശേഷിക്കുന്ന കളികളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും രാജസ്ഥാന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കുക.
3. ചെന്നൈ സൂപ്പര്‍ കിങ്‌സ് - Chennai Super Kings
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ചെന്നൈയുടെ ശേഷിക്കുന്ന മത്സരം. ഇതില്‍ ജയിച്ചാല്‍ ചെന്നൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കും. സണ്‍റൈസേഴ്‌സ് ഹൈദരബാദ് ശേഷിക്കുന്ന മത്സരത്തില്‍ ജയിച്ച് 16 പോയിന്റ് ആകുകയും ലഖ്‌നൗ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മികച്ച മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമേ പിന്നീട് ചെന്നൈയ്ക്ക് വെല്ലുവിളി ആകൂ. അതേസമയം ആര്‍സിബിയോട് ചെന്നൈ തോറ്റാല്‍ ചെന്നൈയ്ക്ക് പണിയാകും.
ആര്‍സിബിയോട് തോല്‍ക്കുന്നത് വളരെ ചെറിയ മാര്‍ജിനില്‍ ആകുകയും സണ്‍റൈസേഴ്‌സ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുകയോ അല്ലെങ്കില്‍ ലഖ്‌നൗ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ തോല്‍ക്കുകയോ വേണം. എങ്കില്‍ മാത്രമേ ആര്‍സിബിക്കെതിരെ തോറ്റാലും ചെന്നൈ പ്ലേ ഓഫില്‍ കയറൂ.
4. സണ്‍റൈസേഴ്‌സ് ഹൈദരബാദ് - Sunrisers Hyderabad
ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ 18 പോയിന്റോടെ ഹൈദരബാദ് പ്ലേ ഓഫില്‍ കയറും. അതല്ല ഒരെണ്ണത്തില്‍ ആണ് ജയിക്കുന്നതെങ്കില്‍ പോലും ഹൈദരബാദിന് സാധ്യതയുണ്ട്. ആര്‍സിബിയോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍ക്കുകയും ലഖ്‌നൗ അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ജയിക്കാതിരിക്കുകയും ചെയ്താല്‍ മതി.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോറ്റാല്‍ ഹൈദരബാദിന് പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചെന്നൈ തോല്‍പ്പിക്കണം.
ലഖ്‌നൗ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കണം
അവസാന മത്സരത്തില്‍ ഡല്‍ഹി ജയിച്ചാലും നെറ്റ് റണ്‍റേറ്റ് വലിയ തോതില്‍ ഉയരരുത്
5. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - Royal Challengers bengaluru
ബെംഗളൂരുവിന് പ്ലേ ഓഫില്‍ കയറാന്‍ മൂന്ന് കാര്യങ്ങളാണ് നടക്കേണ്ടത്:
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ജയിക്കേണ്ടത് നിര്‍ബന്ധം. വെറുതെ ജയിച്ചാല്‍ പോരാ, വിജയ മാര്‍ജിന്‍ കൂടി ശ്രദ്ധിക്കണം. ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സോ അതില്‍ കൂടുതലോ നേടിയാല്‍ ബെംഗളൂരു അത് 18.1 ഓവറില്‍ മറികടക്കണം. ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയ്ക്കെതിരെ 18 റണ്‍സിന്റെ ജയം നേടണം.
ചെന്നൈയ്ക്കെതിരെ ജയിക്കുന്നതിനൊപ്പം ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മത്സരഫലം കൂടി ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ സ്വാധീനിക്കും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ലഖ്നൗ നിര്‍ബന്ധമായും തോല്‍ക്കണം.
മാത്രമല്ല ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുകയും അരുത്.
6. ഡല്‍ഹി ക്യാപിറ്റല്‍സ് - Delhi Capitals
അവസാന മത്സരത്തില്‍ ലഖ്‌നൗവിനെ തോല്‍പ്പിച്ചാല്‍ പോലും ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കയറാന്‍ ബുദ്ധിമുട്ടാണ്. ലഖ്‌നൗവിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെന്നൈ അവസാന മത്സരത്തില്‍ ബെംഗളൂരുവിനെ തോല്‍പ്പിക്കുകയും ഹൈദരബാദ് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും വേണം. എങ്കില്‍ മാത്രമേ ഡല്‍ഹിക്ക് ഇനി പ്രതീക്ഷയുള്ളൂ
7. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - Lucknow Super Giants
ആദ്യ ഏഴില്‍ ഉള്ള ടീമുകളില്‍ ഏറ്റവും കുറവ് നെറ്റ് റണ്‍റേറ്റ് ലഖ്‌നൗവിനാണ്. അവസാന രണ്ട് മത്സരങ്ങളില്‍ ജയിക്കുകയും ബെംഗളൂരു ചെന്നൈയെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ ലഖ്‌നൗ പ്ലേ ഓഫില്‍ കയറൂ. അതല്ല ചെന്നൈ ജയിക്കുകയാണെങ്കില്‍ അവസാന രണ്ട് മത്സരങ്ങളിലും ലഖ്‌നൗ ജയിക്കുന്നതിനൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരബാദ് ശേഷിക്കുന്ന രണ്ട് കളികളിലും തോല്‍ക്കണം.
8. ഗുജറാത്ത് ടൈറ്റന്‍സ് - Gujarat Titans
ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വെറുതെ ജയിച്ചാല്‍ പോലും ഗുജറാത്തിന് സാധ്യതകളില്ല. പകരം ഇതുവരെ ഒരു ടീമും ജയിക്കാത്ത തരത്തിലുള്ള വന്‍ മാര്‍ജിനില്‍ രണ്ട് കളികളും ജയിക്കേണ്ടി വരും !