അഭിറാം മനോഹർ|
Last Modified ഞായര്‍, 12 മെയ് 2024 (19:13 IST)
ഐപിഎല്ലില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുകളിലായി ശരാശരി പ്രകടനം മാത്രമാണ് ബാറ്ററെന്ന നിലയില്‍ രോഹിത് ശര്‍മ കാഴ്ചവെയ്ക്കുന്നത്. മുംബൈയെ അഞ്ച് തവണ ജേതാക്കളാക്കിയ നായകനെന്ന റെക്കോര്‍ഡ് സ്വന്തമായുണ്ടെങ്കിലും ബാറ്ററെന്ന നിലയില്‍ പരാജയമാകുന്ന രോഹിത് നിലവില്‍ മുംബൈ ഇന്ത്യന്‍സിന് ബാധ്യതയാണ്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്.
2019ലെ ഏകദിന ലോകകപ്പിലും 2023ലെ ലോകകപ്പിലും മിന്നുന്ന പ്രകടനങ്ങളായിരുന്നു രോഹിത് നടത്തിയത്. അതിനാല്‍ തന്നെ ഐസിസി ടൂര്‍ണമെന്റുകളില്‍ രോഹിത് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യമെല്ലാം ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ച് സത്യമാണെങ്കിലും ടി20 ലോകകപ്പില്‍ ശരാശരി ബാറ്റര്‍ മാത്രമാണ് രോഹിത്തിനെന്ന് താരത്തിന്റെ മുന്‍കാല പ്രകടനങ്ങള്‍ സാക്ഷ്യം നല്‍കുന്നു.
ലോകകപ്പില്‍ കളിച്ച 36 ഇന്നിങ്ങ്‌സുകളില്‍ നിന്നും 34.39 ശരാശരിയില്‍ 963 റണ്‍സാണ് രോഹിത്തിനുള്ളത്. 9 അര്‍ധസെഞ്ചുറികളാണ് ലോകകപ്പില്‍ താരത്തിനുള്ളത്. 2007ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് നേടുമ്പോള്‍ ടീമിലുണ്ടായിരുന്ന രോഹിത് ശര്‍മ 9 ടി20 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. അവസാന 3 ടി20 ലോകകപ്പുകളില്‍ നിന്നും 3 അര്‍ധസെഞ്ചുറി പ്രകടനങ്ങള്‍ മത്രമാണ് രോഹിത് നടത്തിയിട്ടുള്ളത്. 2021ലെ ടി20 ലോകകപ്പില്‍ അഫ്ഗാനും( 74) നമീബിയക്കുമെതിരെ(58)യാണ് രോഹിത്തിന്റെ 2 അര്‍ധസെഞ്ചുറികള്‍. 2022ലെ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയും (53) രോഹിത് അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്.
2016ലെ ടി20 ലോകകപ്പില്‍ 43 റണ്‍സായിരുന്നു രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2021ലെ ലോകകപ്പില്‍ രണ്ട് അര്‍ധസെഞ്ചുറികളുണ്ടെങ്കിലും അതെല്ലാം തന്നെ താരതമ്യേന ദുര്‍ബലരായ ടീമുകള്‍ക്കെതിരെയായിരുന്നു. 2021ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ പൂജ്യത്തിനും ന്യൂസിലന്‍ഡിനെതിരെ 4 റണ്‍സിനും രോഹിത് പുറത്തായിരുന്നു. 2022ലെ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്. ഈ പ്രകടനം കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 27 റണ്‍സാണ് ടൂര്‍ണമെന്റിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.