സഞ്ജുവിന്റെ തലവേദന; പകരക്കാര്‍ ആരൊക്കെ? ഓപ്പണറാകാന്‍ ക്യാപ്റ്റന്‍ തന്നെ

രേണുക വേണു| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (12:17 IST)

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ആകും. ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ രാജസ്ഥാന് വേണ്ടി കളിക്കുന്നില്ല. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന്റെ തലവേദന. ടീമില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്ന് സഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട്. അത് എന്തൊക്കെ ആയിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

സഞ്ജു സാംസണ്‍ തന്നെ ഓപ്പണറാകാനാണ് സാധ്യത. കരീബിയന്‍ താരം ഇവിന്‍ ലൂയിസ് സഞ്ജുവിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മനന്‍ വോഹ്ര, ഡേവിഡ് മില്ലര്‍, ശിവം ദുബെ, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്കട്ട്, മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കരിയ എന്നിവരായിരിക്കും രാജസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള മറ്റു താരങ്ങള്‍.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസണ്‍ തികഞ്ഞ് ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ രാജസ്ഥാനെ കിരീട നേട്ടത്തില്‍ എത്തിക്കുമെന്നാണ് സഞ്ജു പറയുന്നത്. പ്ലേ ഓഫില്‍ കയറുക മാത്രമല്ല കിരീടം നേടുക കൂടിയാണ് ലക്ഷ്യമെന്ന് ഇ.എസ്.പി.എന്‍. ക്രിക്ക് ഇന്‍ഫോയില്‍ സഞ്ജു പറഞ്ഞു.

'ഞങ്ങള്‍ വളരെ യങ് ആയിട്ടുള്ള ഐപിഎല്‍ ടീമാണ്. പോരാടുകയും വിജയിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ സാധിക്കാവുന്ന കളികളിലെല്ലാം ഞങ്ങള്‍ക്ക് ജയിക്കണം. പ്ലേ ഓഫിലേക്ക് കയറുക എന്നത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം, ഈ സീസണില്‍ കിരീടം സ്വന്തമാക്കുക കൂടിയാണ്.' സഞ്ജു പറഞ്ഞു.

അതേസമയം, പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് നാല് കളികളില്‍ എങ്കിലും ജയിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :