രേണുക വേണു|
Last Modified ചൊവ്വ, 23 ജൂലൈ 2024 (09:52 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ദ്രാവിഡ് ഏറ്റെടുത്തേക്കും. പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ കൊണ്ടുവരുന്നതിനായി രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്ത് കുമാര്‍ സംഗക്കാരയാണ് ഇപ്പോള്‍ ഉള്ളത്. ദ്രാവിഡ് പരിശീലകനായാല്‍ സംഗക്കാര ഈ ചുമതല ഒഴിയും. പകരം മറ്റേതെങ്കിലും സ്ഥാനം രാജസ്ഥാന്‍ സംഗക്കാരയ്ക്കു നല്‍കിയേക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായും മെന്ററായും ദ്രാവിഡ് നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 ല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കളിച്ചപ്പോള്‍ ദ്രാവിഡ് ആയിരുന്നു നായകന്‍. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചു.
ട്വന്റി 20 ലോകകപ്പിനു ശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞത്. കരാര്‍ പുതുക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് നിലപാടെടുക്കുകയായിരുന്നു.