ധോനിയൊഴിയുന്നതോടെ പന്ത് ചെന്നൈയിലേക്കെത്തുമോ? പോണ്ടിംഗിനെ പുറത്താക്കിയതിൽ താരത്തിന് അതൃപ്തിയെന്ന് റിപ്പോർട്ട്

Rishab Pant,IPL24
Rishab Pant,IPL24
അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ജൂലൈ 2024 (14:56 IST)
ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകസ്ഥാനത്ത് നിന്നും ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ പുറത്താക്കിയതില്‍ ടീം നായകന്‍ റിഷഭ് പന്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. 2018 മുതല്‍ ടീം പരിശീലകനായി പ്രവര്‍ത്തിച്ചിട്ടും ടീമിനെ ഐപിഎല്‍ വിജയികളാക്കാന്‍ പോണ്ടിംഗിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോണ്ടിംഗിനെ മാറ്റി അടുത്ത സീസണ്‍ മുതല്‍ ഗാംഗുലിക്ക് കീഴില്‍ ടീം ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്.

പോണ്ടിംഗിന് കീഴില്‍ ആദ്യമായി ഐപിഎല്‍ ഫൈനലില്‍ എത്താന്‍ ടീമിനായിരുന്നു. തുടര്‍ന്ന് 2 തവണ പ്ലേ ഓഫിലെത്തിയെങ്കിലും കഴിഞ്ഞ 3 സീസണുകളില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രാഞ്ചൈസി പരിശീലകനെ മാറ്റിയത്. 2021ല്‍ ശ്രേയസ് അയ്യരെ നായകസ്ഥാനത്ത് നിന്നും മാറ്റി റിഷഭ് പന്തിനെ നായകനാക്കുന്നതില്‍ പോണ്ടിംഗ് വലിയ പങ്കാണ് വഹിച്ചത്. അതിനാല്‍ തന്നെ പോണ്ടിംഗിനെ പുറത്താക്കിയതില്‍ റിഷഭ് പന്തിന് അതൃപ്തിയുള്ളതാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ വരുന്ന താരലേലത്തില്‍ റിഷഭ് പന്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറാന്‍ സാധ്യതയുള്ളതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹേന്ദ്ര സിംഗ് ധോനി വിരമിക്കുന്നതോടെ ചെന്നൈയ്ക്ക് അവരുടെ മുഖമാവാന്‍ സാധിക്കുന്ന പുതിയ താരത്തിന്റെ ആവശ്യമുണ്ട്. പന്തിനെ പാളയത്തിലെത്തിക്കുന്നതോടെ ഇതിന് സാധിക്കുമെന്ന് ആരാധകരും കരുതുന്നു. 2016 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കുന്ന പന്ത് 111 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 18 അര്‍ധസെഞ്ചുറികളും അടക്കം 3284 റണ്‍സ് ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹിയുടെ ഉയര്‍ന്ന റണ്‍ സ്‌കോററും പന്തായിരുന്നു. 3 അര്‍ധസെഞ്ചുറികളടക്കം 446 റണ്‍സാണ് കഴിഞ്ഞ സീസണില്‍ പന്ത് അടിച്ചുകൂട്ടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :