രേണുക വേണു|
Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (09:04 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ജയം ഉറപ്പിച്ച ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. 170 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 12.3 ഓവറില്‍ 87-5 എന്ന നിലയില്‍ പരുങ്ങലിലായതാണ്. പിന്നീട് ആറാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്കും ഷഹബാസ് അഹമ്മദും ചേര്‍ന്ന് മത്സരത്തിന്റെ ഗതി മാറ്റി. അവസാന ഓവറുകളില്‍ നടത്തിയ ബൗളിങ് ചേയ്ഞ്ചും ഫീല്‍ഡ് പ്ലേസ്‌മെന്റും രാജസ്ഥാന്റെ തോല്‍വിയില്‍ നിര്‍ണായകമായെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിങ് ചെയ്ഞ്ചിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമാണ് കേള്‍ക്കുന്നത്. കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍ അടക്കം സഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. 14-ാം ഓവര്‍ രവിചന്ദ്രന്‍ അശ്വിന് കൊടുക്കാനുള്ള തീരുമാനം മുതല്‍ ഫീല്‍ഡ് പ്ലേസ്‌മെന്റ് വരെ വിമര്‍ശിക്കപ്പെട്ടു.
അശ്വിന്റെ ഓവര്‍ പൂര്‍ത്തിയായ ശേഷം ഉടനെ തന്നെ യുസ്വേന്ദ്ര ചഹലിനെ കൊണ്ടുവരേണ്ടതായിരുന്നു എന്നാണ് ആരാധകര്‍ അടക്കം പറയുന്നത്. 14-ാം ഓവറില്‍ അശ്വിന്‍ 21 റണ്‍സാണ് വിട്ടുകൊടുത്തത്. ദിനേശ് കാര്‍ത്തിക്ക് എല്ലാ അര്‍ത്ഥത്തിലും മൊമന്റം കണ്ടെത്തിയ ഓവറായിരുന്നു അത്. മൂന്ന് ഫോറും ഒരു സിക്‌സുമാണ് കാര്‍ത്തിക്ക് അശ്വിന്റെ ഓവറില്‍ നേടിയത്.
ടേണിനെ നന്നായി അനുകൂലിക്കുന്ന പിച്ചില്‍ അശ്വിന് പിന്നാലെ ചഹലിനെ ഉപയോഗിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നു. കാര്‍ത്തിക്കിന്റേയോ ഷഹബാസിന്റേയോ വിക്കറ്റ് ചഹല്‍ വീഴ്ത്തിയാല്‍ കളിയുടെ ഗതി മാറുമായിരുന്നു. അശ്വിന് അടി കിട്ടിയത് കണ്ട് സഞ്ജു ചഹലിനെ ഹോള്‍ഡ് ചെയ്തു. പിന്നീട് പന്ത് കൊടുത്തത് നവ്ദീപ് സൈനിക്ക്. 15-ാം ഓവറില്‍ സൈനി 16 റണ്‍സ് വിട്ടുകൊടുത്തതോടെ കളി പൂര്‍ണമായും ബാംഗ്ലൂരിന്റെ കൈകളിലായി. 16-ാം ഓവര്‍ എറിഞ്ഞ പ്രസിത് കൃഷ്ണ 13 റണ്‍സ് വഴങ്ങി. ഇതിനുശേഷമാണ് സഞ്ജു ചഹലിനെ കൊണ്ടുവന്നത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന കാര്‍ത്തിക്കും ഷഹബാസും ചഹലിന് മുന്നില്‍ വിയര്‍ത്തു. 17-ാം ഓവര്‍ എറിഞ്ഞ ചഹല്‍ ആകെ വഴങ്ങിയത് നാല് റണ്‍സ്. പക്ഷേ അപ്പോഴേക്കും കളി ബാംഗ്ലൂരിന്റെ വരുതിയിലായിരുന്നു.
ദിനേശ് കാര്‍ത്തിക്ക് ബാറ്റ് ചെയ്യുമ്പോള്‍ ഫീല്‍ഡ് പ്ലേസ്‌മെന്റ് വളരെ മോശമായിരുന്നെന്ന് സുനില്‍ ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വളരെ മോശമെന്നാണ് ആ സമയത്ത് ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. ഓഫ് സ്റ്റംപിന് പുറത്തെറിയുന്ന പന്ത് പോലും അസാധ്യ ടൈമിങ്ങോടെ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറി പായിക്കുന്ന കാര്‍ത്തിക്ക് ബാറ്റ് ചെയ്യുമ്പോള്‍ ലെഗ് സൈഡ് ബൗണ്ടറിയില്‍ ഒരു ഫീല്‍ഡറെ പോലും സഞ്ജു പ്ലേസ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഗവാസ്‌കര്‍ ചോദിച്ചു. ലെഗ് സൈഡില്‍ ഗ്യാപ്പ് ഷോട്ടുകളിലൂടെയാണ് കാര്‍ത്തിക്ക് കൂടുതല്‍ ബൗണ്ടറികളും നേടിയത്. ഈ സമയത്തെല്ലാം ഓഫ് സൈഡില്‍ ഫീല്‍ഡിങ് ശക്തിപ്പെടുത്തുകയായിരുന്നു സഞ്ജു ചെയ്തിരുന്നത്. ഇതിനെയാണ് ഗവാസ്‌കര്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കുന്നത്.