'അറിയാതെ സംഭവിച്ചതല്ലേ, നീ വിഷമിക്കേണ്ട'; തളര്‍ന്നിരിക്കുന്ന സൂര്യകുമാര്‍ യാദവിനെ ആശ്വസിപ്പിച്ച് കിറോണ്‍ പൊള്ളാര്‍ഡ് (വീഡിയോ)

രേണുക വേണു| Last Updated: വ്യാഴം, 14 ഏപ്രില്‍ 2022 (15:34 IST)

ബുധനാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയത്. ഐപിഎല്‍ 15-ാം സീസണില്‍ തുടര്‍ച്ചയായി അഞ്ച് കളികളില്‍ തോറ്റ് നാണംകെട്ട് നില്‍ക്കുകയാണ് മുംബൈ. പഞ്ചാബിനെതിരായ മത്സരത്തില്‍ ജയിക്കാന്‍ എല്ലാ സാധ്യതകളും മുംബൈ ഇന്ത്യന്‍സിനുണ്ടായിരുന്നു. എന്നാല്‍, കളിക്കളത്തില്‍ സംഭവിച്ച ചില പിഴവുകള്‍ മുംബൈയ്ക്ക് വലിയ തിരിച്ചടിയായി. അതിലൊന്നാണ് രണ്ട് റണ്‍ഔട്ടുകള്‍. തിലക് വര്‍മ്മയും കിറോണ്‍ പൊള്ളാര്‍ഡും റണ്‍ഔട്ട് ആകുകയായിരുന്നു. ഇവര്‍ രണ്ട് പേരും ഔട്ടാകുമ്പോള്‍ മറുവശത്തുണ്ടായിരുന്ന മുംബൈ മധ്യനിര താരം സൂര്യകുമാര്‍ യാദവ് ആണ്.

കിറോണ്‍ പൊള്ളാര്‍ഡിന്റെ റണ്‍ഔട്ട് എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കാവുന്ന ഒന്നായിരുന്നു. സൂര്യകുമാറിന്റെ അശ്രദ്ധ കൂടിയാണ് ഈ റണ്‍ഔട്ടിന് കാരണമായതെന്ന് പറയാം. മത്സരത്തിന്റെ 17-ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ ആദ്യ പന്ത് പൊള്ളാര്‍ഡ് ലോങ് ഓണിലേക്ക് പായിച്ചു. ഒരു റണ്‍ ഇരുവരും ഓടിയെടുത്തു. പഞ്ചാബ് താരം ഒഡീന്‍ സ്മിത്തിന്റെ മിസ് ഫീല്‍ഡ് കണ്ടപ്പോള്‍ ഒരു റണ്‍ കൂടി ഓടിയെടുക്കാന്‍ സൂര്യകുമാര്‍ വിളിക്കുകയായിരുന്നു. സൂര്യകുമാറിന്റെ വിളി കേട്ട് പൊള്ളാര്‍ഡ് വേണോ വേണ്ടേ എന്ന ആശയക്കുഴപ്പത്തിലായി. അപ്പോഴേക്കും സൂര്യകുമാര്‍ ഓടി തുടങ്ങിയിരുന്നു. നന്നായി ബാറ്റ് ചെയ്യുകയായിരുന്ന സൂര്യകുമാറിന്റെ വിക്കറ്റ് നഷ്ടപ്പെടുന്നത് ശരിയല്ലെന്ന് കണ്ട പൊള്ളാര്‍ഡ് അല്‍പ്പം വൈകിയാണെങ്കിലും രണ്ടാം റണ്ണിനായി ഓടി. ഒഡീന്‍ സ്മത്തിന്റെ ത്രോയില്‍ പൊള്ളാര്‍ഡ് റണ്‍ഔട്ടാകുകയും ചെയ്തു.
പൊള്ളാര്‍ഡിന്റെ വിക്കറ്റ് പോയത് സൂര്യകുമാറിനെ നിരാശപ്പെടുത്തി. താന്‍ കാരണമാണ് ആ വിക്കറ്റ് നഷ്ടമായതെന്ന് തോന്നിയ സൂര്യകുമാര്‍ നിരാശയോടെ മൈതാനത്ത് തല താഴ്ത്തി ഇരുന്നു. ഔട്ടായി മൈതാനം വിടുകയായിരുന്ന പൊള്ളാര്‍ഡ് സൂര്യകുമാറിന്റെ അടുത്തുവന്ന് പിന്നിലൂടെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :