അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ജൂണ്‍ 2025 (16:16 IST)
PBKS vs RCB IPL Final 2025
ഐപിഎല്ലില്‍ ഇത്തവണ ഒരു പുതിയ ചാമ്പ്യന്‍ ടീം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.ഐപിഎല്‍ തുടങ്ങി ആദ്യ സീസണ്‍ മുതല്‍ മത്സരരംഗത്തുണ്ടെങ്കിലും കപ്പ് സ്വന്തമാക്കാന്‍ കഴിയാത്ത 2 ടീമുകളാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. പതിനെട്ടാമത്തെ ഐപിഎല്‍ പതിപ്പില്‍ വിജയം വിരാട് കോലിയുടെ ആര്‍സിബിക്കാകുമെന്ന് ബെംഗളുരു ആരാധകര്‍ പ്രതീക്ഷിക്കുന്നു. അതേസമയം ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുന്ന പ്രകടനം നടത്തിയ പഞ്ചാബിനാണ് വിജയസാധ്യതയെന്ന് പഞ്ചാബ് ആരാധകരും കരുതുന്നു. ഫൈനല്‍ മത്സരത്തില്‍ പഞ്ചാബിന്റെ സാധ്യതകള്‍ എത്രമാത്രമെന്ന് നോക്കാം.
പ്രധാനമായും മത്സരം നടക്കുന്ന വേദി തന്നെ ഇത്തവണ പഞ്ചാബിന് അനുകൂലമാണ്. അഹമ്മദാബാദിലെ പിച്ചില്‍ മികച്ച റെക്കോര്‍ഡാണ് പഞ്ചാബിനുള്ളത്. ക്വാളിഫയര്‍ മാച്ചില്‍ മുംബൈയെ തോല്‍പ്പിച്ച് പഞ്ചാബ് ഫൈനലിലേക്ക് മുന്നേറിയതും അഹമ്മദാബാദിലായിരുന്നു. മികച്ച ബാറ്റിംഗ് പിച്ചായ അഹമ്മദാബാദില്‍ ഫൈനലില്‍ റണ്‍സൊഴുകുമെന്ന് തീര്‍ച്ചയാണ്. ടൂര്‍ണമെന്റില്‍ ഉടനീളം പഞ്ചാബ് പുലര്‍ത്തിയ ഫോമാണ് ടീമിന്റെ അനുകൂലഘടകം. ബാറ്റിങ്ങില്‍ പ്രഭ് സിമ്രാന്‍- പ്രിയാന്‍ഷ് ആര്യ ജോഡി ഏത് ബൗളിംഗ് നിരയേയും നേരിടാന്‍ കെല്‍പ്പുള്ളവരാണ്. മൂന്നാം സ്ഥാനത്ത് മിന്നുന്ന ഫോമില്‍ കളിക്കുന്ന ജോഷ് ഇംഗ്ലീഷും നാലാമതായി എത്തുന്ന നായകന്‍ ശ്രേയസ് അയ്യരുമാണ് പഞ്ചാബിന്റെ പ്രധാനശക്തികേന്ദ്രങ്ങള്‍. ക്വാളിഫയര്‍ റൗണ്ടില്‍ മികച്ച പ്രകടനമാണ് ഇരുതാരങ്ങളും നടത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ കളിച്ച് പരിചയമില്ലാത്ത പ്രഭ് സിമ്രാന്‍, പ്രിയാന്‍ഷ് ആര്യ, ശശാങ്ക് സിംഗ്, നെഹാല്‍ വധേര എന്നിവരടങ്ങിയ ടീമിനെ ശക്തമാക്കുന്നത് ശ്രേയസ് അയ്യര്‍ എന്ന നായകന്റെ സാന്നിധ്യമാണ്. ഫൈനലിലും പഞ്ചാബിന് പ്രതീക്ഷ നല്‍കുന്നത് ഏത് കൊടുങ്കാറ്റിലും ഉലയാത്ത ശ്രേയസ് അയ്യരുടെ മനസാന്നിധ്യമാണ്. വമ്പന്‍ പേരുകാരില്ലെങ്കിലും മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഒമര്‍ സായ്,ശശാങ്ക് സിങ് എന്നിങ്ങനെ നീളുന്നതാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിര. ബൗളിങ്ങില്‍ ബെംഗളുരുവിന്റെ അത്ര ശക്തമല്ല പഞ്ചാബ് നിര. അര്‍ഷദീപ് സിംഗ്, കെയ്ല്‍ ജാമിസണ്‍,യൂസ്വേന്ദ്ര ചഹല്‍ എന്നിവരാണ് പഞ്ചാബിന്റെ പ്രധാന ബൗളര്‍മാര്‍. മൂര്‍ച്ചകുറഞ്ഞ ഈ ബൗളിംഗ് നിരയാകും ബാറ്റിംഗ് പറുദീസയായ അഹമ്മദാബാദില്‍ പഞ്ചാബിന്റെ വെല്ലുവിളി. ഇവിടെയും ടീം ആശ്രയിക്കുന്നത് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലാകും
ഫൈനല്‍ മത്സരത്തില്‍ ഓപ്പണര്‍മാരില്‍ ഏതെങ്കിലും താരത്തിനൊപ്പം നായകന്‍ ശ്രേയസ് അയ്യര്‍, ജോഷ് ഇംഗ്ലീഷ് എന്നിവരുടെ പ്രകടനങ്ങളാകും നിര്‍ണായകമാവുക. മധ്യനിരയില്‍ സ്‌ഫോടനം തീര്‍ക്കാന്‍ ശേഷിയുള്ള ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ബെംഗളുരുവിനോടേറ്റ തോല്‍വി ടീമിന്റെ സമീപനത്തെ ബാധിച്ചേക്കാം. മുംബൈയെ താരതമ്യം ചെയ്യുമ്പോള്‍ ബെംഗളുരു ബൗളിംഗിന് മൂര്‍ച്ച കൂടുതല്‍. ഓസീസ് പേസറായ ജോഷ് ഹേസല്‍വുഡിനെതിരെ എങ്ങനെ നേരിടുന്നു എന്നത് ഫൈനല്‍ മത്സരത്തില്‍ നിര്‍ണായകമാകും. ശ്രേയസ് അയ്യരുടെ ഒരു നിറം മങ്ങിയ പ്രകടനം പഞ്ചാബിന്റെ കിരീടസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും.