Mumbai Indians vs Gujarat Titans: ബുംറയുടെ 'പിശുക്കില്‍' മുംബൈയ്ക്ക് ജയം; ഗുജറാത്ത് പുറത്ത്

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത്തിനെ പുറത്താക്കാന്‍ ഗുജറാത്തിനു ആദ്യ അവസരം ലഭിച്ചത്

MI vs GT, Mumbai Indians vs Gujarat Titans, Mumbai Indians vs Gujarat Titans Match Live Updates, IPL Eliminator Live Updates, Mumbai Gujarat Match Scorecard, IPL 2025, IPL Scorecard in Malayalam, മുംബൈ ഗുജറാത്ത്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍
രേണുക വേണു| Last Updated: വെള്ളി, 30 മെയ് 2025 (23:41 IST)
Rohit Sharma - Mumbai Indians



Mumbai Indians vs Gujarat Titans: ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനു തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ക്വാളിഫയര്‍ 2 വില്‍. ഒന്നാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു തോറ്റ പഞ്ചാബ് കിങ്‌സിനെ രണ്ടാം ക്വാളിഫയറില്‍ മുംബൈ നേരിടും.

മുല്ലന്‍പൂരില്‍ നടന്ന എലിമിനേറ്ററില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് പൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

49 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 80 റണ്‍സെടുത്ത സായ് സുദര്‍ശന്‍ ഗുജറാത്തിനു മികച്ച തുടക്കം നല്‍കിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. വാഷിങ്ടണ്‍ സുന്ദര്‍ 24 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 48 റണ്‍സെടുത്തു. നായകന്‍ ശുഭ്മാന്‍ ഗിന്‍ (രണ്ട് പന്തില്‍ ഒന്ന്) നിരാശപ്പെടുത്തി. കുശാല്‍ മെന്‍ഡിസ് (10 പന്തില്‍ 20), ഷെര്‍ഫയ്ന്‍ റതര്‍ഫോര്‍ഡ് (15 പന്തില്‍ 24), രാഹുല്‍ തെവാത്തിയ (11 പന്തില്‍ പുറത്താകാതെ 16) എന്നിവരുടെ പരിശ്രമങ്ങളും പാഴായി.

ജസ്പ്രിത് ബുംറ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചതാണ് മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായത്. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ ഒരു വിക്കറ്റ് വീഴ്ത്തി. അശ്വനി കുമാര്‍ മൂന്ന് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 56 വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. റിച്ചാര്‍ഡ് ഗ്ലീസനും മിച്ചല്‍ സാന്റ്‌നര്‍ക്കും ഓരോ വിക്കറ്റ്.

തിളങ്ങി രോഹിത്; ഗുജറാത്ത് കൈവിട്ടത് രണ്ട് അവസരങ്ങള്‍

രോഹിത് ശര്‍മ മുംബൈയ്ക്കായി അര്‍ധ സെഞ്ചുറി നേടി. 50 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും സഹിതം 81 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇന്നിങ്സിന്റെ തുടക്കത്തില്‍ രോഹിത്തിന്റെ രണ്ട് ക്യാച്ചുകള്‍ ഗുജറാത്ത് നഷ്ടപ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത്തിനെ പുറത്താക്കാന്‍ ഗുജറാത്തിനു ആദ്യ അവസരം ലഭിച്ചത്. അനായാസം സ്വന്തമാക്കാവുന്ന ഒരു ക്യാച്ച് ജെറാള്‍ഡ് കോട്ട്സീ നഷ്ടപ്പെടുത്തി. രോഹിത്തിന്റെ വ്യക്തിഗത സ്‌കോര്‍ മൂന്ന് മാത്രമായിരുന്നു അപ്പോള്‍. മുഹമ്മദ് സിറാജ് എറിഞ്ഞ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് ആണ് രോഹിത്തിന്റെ ഭാഗ്യമായി അവതരിച്ചത്. രോഹിത്തിന്റെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത പന്ത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തിയതാണ്. എന്നാല്‍ കുശാല്‍ മെന്‍ഡിസ് ആ ക്യാച്ച് നഷ്ടപ്പെടുത്തി. ആ സമയത്ത് രോഹിത്തിന്റെ വ്യക്തിഗത സ്‌കോര്‍ 12 ആയിരുന്നു.

മുംബൈയ്ക്കായി ആദ്യമായി കളത്തിലിറങ്ങിയ ജോണി ബെയര്‍സ്റ്റോ 22 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും സഹിതം 47 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് (20 പന്തില്‍ 33), തിലക് വര്‍മ (11 പന്തില്‍ 25), ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പത് പന്തില്‍ പുറത്താകാതെ 22) എന്നിവരും മുംബൈയ്ക്കായി തിളങ്ങി.

സിക്‌സര്‍ റെക്കോര്‍ഡില്‍ ഹിറ്റ്മാന്‍

ഐപിഎല്‍ ചരിത്രത്തില്‍ 300 സിക്സ് നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും രോഹിത് ഇന്ന് സ്വന്തമാക്കി. 271 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ക്രിസ് ഗെയ്ല്‍ (357 സിക്സ്) മാത്രമാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്.

അടിവാങ്ങിക്കൂട്ടി ഗുജറാത്ത് ബൗളര്‍മാര്‍

ഈ സീസണില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിവരുന്ന പ്രസിദ്ധ് കൃഷ്ണയെ മുംബൈ ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും തല്ലി. നാല് ഓവറില്‍ 13.20 ഇക്കോണമിയില്‍ വഴങ്ങിയത് 53 റണ്‍സ് ! രണ്ട് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചു. ജെറാള്‍ഡ് കോട്ട്സീ മൂന്ന് ഓവറില്‍ 51 വഴങ്ങി. 17 ആണ് ഇക്കോണമി ! ആര്‍ സായ് കിഷോര്‍ നാല് ഓവറില്‍ 42 റണ്‍സും മുഹമ്മദ് സിറാജ് നാല് ഓവറില്‍ 37 റണ്‍സും വിട്ടുകൊടുത്തു. റാഷിദ് ഖാന്‍ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി കഷ്ടിച്ചു രക്ഷപ്പെട്ടു. സായ് കിഷോറിനു രണ്ടും മുഹമ്മദ് സിറാജിനു ഒരു വിക്കറ്റും ലഭിച്ചു.

റാഷിദ് ഖാന് നാണക്കേടിന്റെ റെക്കോര്‍ഡ്

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ വഴങ്ങുന്ന ബൗളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഗുജറാത്ത് സ്പിന്നര്‍ റാഷിദ് ഖാന്. 2022 സീസണില്‍ മുഹമ്മദ് സിറാജ് വഴങ്ങിയ 31 സിക്സുകളെ ഈ സീസണില്‍ റാഷിദ് ഖാന്‍ മറികടന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ വഴങ്ങിയ രണ്ട് സിക്സുകള്‍ അടക്കം ഈ സീസണില്‍ 33 സിക്സുകളാണ് റാഷിദ് ഖാന്‍ ആകെ വഴങ്ങിയത്. ഈ പട്ടികയില്‍ വനിന്ദു ഹസരംഗ (30 സിക്സ്), യുസ്വേന്ദ്ര ചഹല്‍ (30 സിക്സ്) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :