രേണുക വേണു|
Last Modified വെള്ളി, 30 മെയ് 2025 (08:36 IST)
Mumbai Indians vs Gujarat Titans: ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടം. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും കന്നി സീസണില്‍ തന്നെ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുമ്പോള്‍ ആവേശം കൊടുമുടിയിലെത്തും. മുല്ലന്‍പൂര്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30 മുതലാണ് മത്സരം.
ഇന്ന് ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ നേരിടണം. പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് എലിമിനേറ്ററില്‍ എത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് എന്‍ട്രി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനക്കാരായി.
കണക്കുകള്‍ പരിശോധിച്ചാല്‍ ഗുജറാത്തിനാണ് മേല്‍ക്കൈ. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ഏഴ് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ അഞ്ച് വിജയം ഗുജറാത്തിനാണ്. മുംബൈ ഗുജറാത്തിനെതിരെ അവസാനമായി ജയിച്ചത് 2023 സീസണിലാണ്. മാത്രമല്ല ഈ സീസണില്‍ രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനൊപ്പമായിരുന്നു ജയം.