രേണുക വേണു|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (10:47 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് 19 കാരനായ തിലക് വര്‍മ. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 33 പന്തില്‍ 61 റണ്‍സ് നേടി എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരം. ക്രിക്കറ്റില്‍ വളരെ ശോഭനമായ ഒരു ഭാവി മുന്നില്‍കണ്ടാണ് താരം ഓരോ തവണയും ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്നത്. ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് താന്‍ ഇതുവരെ എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് തിലക്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് തിലക് വര്‍മ പറയുന്നു. സ്വന്തമായി ഒരു വീടില്ലെന്നും ഐപിഎല്‍ വരുമാനംകൊണ്ട് കുടുംബത്തിനായി ഒരു വീട് നിര്‍മിക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും തിലക് വര്‍മ പറഞ്ഞു.
തിലക് വര്‍മയുടെ പിതാവ് നമ്പൂരി നാഗരാജു ഇലക്ട്രീഷ്യനാണ്. മകന്റെ ക്രിക്കറ്റ് പരിശീലനത്തിനുള്ള ചെലവ് പോലും വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ആ സമയത്തെല്ലാം പരിശീലകന്‍ സലാം ബയാഷാണ് തനിക്ക് സാമ്പത്തികമായ എല്ലാ സഹായങ്ങളും ചെയ്തുതന്നതെന്ന് തിലക് ഓര്‍ക്കുന്നു.
'മുംബൈ ഇന്ത്യന്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞ ഉടനെ തന്നെ ഞാന്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തു. മാതാപിതാക്കള്‍ വലിയ സന്തോഷത്തിലായിരുന്നു. പക്ഷേ, ഒന്നും പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വരുന്നുണ്ടായിരുന്നു. അച്ഛന്‍ ഒന്നും സംസാരിക്കാന്‍ സാധിക്കാത്ത വിധമായിരുന്നു. മുംബൈ ഇന്ത്യന്‍സിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന് അവരോട് പറഞ്ഞു. കൂടുതലൊന്നും സംസാരിക്കാന്‍ എനിക്കും കഴിയുന്നുണ്ടായിരുന്നില്ല. ഉടനെ തന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളായിരുന്നു അത്,' തിലക് വര്‍മ പറഞ്ഞു.
' എന്റെ അച്ഛന്‍ ഒന്നിനോടും 'നോ' പറഞ്ഞിട്ടില്ല. എല്ലാം നടക്കുമെന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. പക്ഷേ, പണം ഇല്ലാത്തതിനാല്‍ പലതും എനിക്ക് വാങ്ങി തരാന്‍ അച്ഛന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ ബാറ്റ് ഒടിച്ചു. പുതിയ ബാറ്റ് വാങ്ങി തരാമെന്നാണ് അന്ന് അച്ഛന്‍ പറഞ്ഞത്. പണം ഇല്ലാത്തതിനാല്‍ കുറേ നാളത്തേക്ക് പുതിയ ബാറ്റ് വാങ്ങി തരാന്‍ അച്ഛന് സാധിച്ചില്ല. ഒടിഞ്ഞ ബാറ്റ് കൊണ്ട് ഞാന്‍ പിന്നെയും കളിച്ചു. ആ ബാറ്റ് കൊണ്ട് അണ്ടര്‍-16 ക്രിക്കറ്റില്‍ ഞാന്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. ഇത് കണ്ടപ്പോള്‍ എന്റെ കോച്ചാണ് പുതിയ ബാറ്റും മറ്റ് ആവശ്യമുള്ള സാധനങ്ങളും വാങ്ങി തന്നത്,' തിലക് പറഞ്ഞു.
20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് തിലക് മെഗാ താരലേലത്തില്‍ എത്തിയത്. 1.7 കോടി രൂപയ്ക്കാണ് ഒടുവില്‍ തിലക് വര്‍മയെ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്.